നീലേശ്വരം: നഗരസഭ അധികൃതർ താൽക്കാലികമായി ഒരുക്കിയ ബസ് സ്റ്റാൻഡ് യാർഡ് മഴത്തുടക്കത്തിൽ തന്നെ ചളിക്കുളമായി. നിലവിലുണ്ടായിരുന്ന ബസ് സ്റ്റാൻഡ് മാർച്ച് ഒന്നിന് അടച്ചിട്ട് പണി തുടങ്ങിയതോടെ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് താൽക്കാലിക ബസ് സ്റ്റാൻഡ് യാർഡ് ഏർപ്പെടുത്തിയത്.
രാജാറോഡിലെ പെട്രോൾ പമ്പിന് എതിർവശത്താണ് ഒരുഭാഗം ഓട്ടോ സ്റ്റാൻഡിനും മറുഭാഗം ബസ് സ്റ്റാൻഡായും ഉപയോഗിക്കുന്നത്. മണ്ണിട്ടുയർത്തിയ ഇവിടെ കഴിഞ്ഞ രണ്ടു മാസം രൂക്ഷമായ പൊടിശല്യമായിരുന്നു. ആദ്യ മഴ വീണതോടെതന്നെ പൊടിയും മണ്ണുമെല്ലാം കുഴഞ്ഞ് ചളിക്കുളമായി. ഇതിന് തൊട്ടരികിൽ തന്നെയാണ് ഓട്ടോ സ്റ്റാൻഡും. ബസിൽ കയറിപ്പറ്റാനുള്ള തത്രപ്പാടിൽ ഇതുവഴി നടക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വഴുതിവീഴാമെന്ന നിലയുണ്ട്.
മാസങ്ങൾ നീണ്ട പൊടിശല്യം പ്രകൃതിതന്നെ തൽക്കാലം പരിഹരിച്ചെങ്കിലും ആദ്യമഴയിൽതന്നെ ചളി കുഴഞ്ഞതോടെ മഴ കനത്താൽ സ്ഥിതി എന്താകുമെന്നും ഊഹിക്കാവുന്നതാണ്. ജില്ലയിൽനിന്ന് ആയിരങ്ങളെത്തുന്ന മന്നൻപുറത്തുകാവ് കലശോത്സവവും സ്കൂൾ തുറപ്പുമെല്ലാം വരാനിരിക്കെ ഇപ്പഴേ മുന്നൊരുക്കമില്ലെങ്കിൽ കാര്യങ്ങൾ ആകെ അവതാളത്തിലാകും. മണ്ണ് ഇടുന്നത് നിർത്തണമെന്നും നേരിയ കനം കുറഞ്ഞ ജില്ലി നിരത്തിയാൽ ചളിയിൽനിന്ന് താൽക്കാലിക പരിഹാരം കാണാൻ കഴിയുമെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.