നീലേശ്വരം: വിമുക്തഭടന് നീലേശ്വരത്തെ കെ. രാജേന്ദ്രകുമാര്‍ മാനേജിങ് പാര്‍ട്ണറായ തൈക്കടപ്പുറം സ്റ്റോര്‍ ജംങ്ഷനിലെ നെയ്തല്‍ ലെയ്ഷോര്‍ പാര്‍ക്ക് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. വ്യാപാരി വ്യവസായി സമിതിയും ഉമ്പുണ്ടു അമിറ്റി ക്ലബും നീലേശ്വരം ബീച്ച് ഫെസ്റ്റ് നടത്തിയത് ഇവിടെയാണ്. ആഘോഷപരിപാടികള്‍ നടത്താന്‍ സ്ഥലം വിട്ടുനല്‍കുന്ന ലെയ്ഷോര്‍ പാര്‍ക്കിനോടനുബന്ധിച്ച് സ്ഥാപിച്ച കഫ്തീരിയ റിഫ്രഷ്മെൻറ് സ്റ്റാളാണ് തീവെച്ചുനശിപ്പിച്ചത്. റെഫ്രിജറേറ്റർ ഉള്‍പ്പെടെ സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും നശിച്ചു. ആറുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി രാജേന്ദ്രകുമാര്‍ നീലേശ്വരം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അതേസമയം തൈക്കടപ്പുറം അയ്യപ്പ ഭജനമഠത്തിലുണ്ടായ അതിക്രമത്തിന്റെ ഭാഗമായാണ് നെയ്തല്‍ ലെയ്ഷോര്‍ പാര്‍ക്ക് കത്തിക്കാന്‍ കാരണമെന്നാണ് സംശയിക്കുന്നത്.
ഞയറാഴ്ച പുലർച്ചയാണ് അയ്യപ്പ ഭജന മഠത്തില്‍ ഭക്തിഗാനം വെച്ചതില്‍ പ്രകോപിതനായ സമീപവാസിയായ അധ്യാപകന് കെ. പ്രവീണ്‍കുമാര്‍ ഭജനമഠത്തിൽ അതിക്രമം നടത്തിയത്. ഇതിന് പിന്നാലെയാണ് പാര്ക്കിന് തീവെച്ചത്. അയ്യപ്പ ഭജനമന്ദിരത്തില്‍ അക്രമം നടത്തിയ അധ്യാപകന് നടത്തുന്ന കടലാമ സംരക്ഷണ കേന്ദ്രമായ ‘നെയ്തല്‍’ എന്ന പേരാണ് ലെയ്ഷോര്‍ പാര്ക്കിന്റേതും. സ്ഥാപനത്തിന്റെ പേര് ഒരു പോലെ ആയതാവാം പാര്‍ക്ക് തീവെച്ച് നശിപ്പിക്കാന്‍ കാരണമെന്നാണ് സംശയം.
നീലേശ്വരം ഫെസ്റ്റ് നടത്തിയ ഉമ്പുണ്ട് അമിറ്റി ക്ലബിന്റെ പ്രസിഡന്റുകൂടിയാണ് ആരാധനാലയത്തില്‍ അതിക്രമം നടത്തിയ അധ്യാപകന്. സംഭവത്തെതുടര്‍ന്ന് ഇയാളെ ഉമ്പുണ്ടു അമിറ്റി ക്ലബിന്റെ ഭാരവാഹിസ്ഥാനത്തുനിന്നും നീക്കാന്‍ ക്ലബ് നേതൃത്വം തീരുമാനിച്ചു. അതേസമയം, നെയ്തല്‍ ലെയ്ഷോര്‍ പാര്‍ക്കുമായി അധ്യാപകന് പ്രവീണ്‍കുമാറിന് ഒരു ബന്ധവുമില്ലെന്ന് പാര്‍ക്കിന്റെ പാര്‍ട്ണര്‍മാരും പറഞ്ഞു. നല്ലരീതിയില്‍ ആരംഭിച്ച സ്ഥാപനമാണ് ഏതാനും ചിലരുടെ പ്രവൃത്തിമൂലം തീവെച്ചുനശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.