നീലേശ്വരം: ശ്രീകോവിലിന്റെ ഓടിളക്കി മോഷണം. ദേവിയുടെ വെള്ളി ആഭരണ കിരീടം കവർന്നു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ ക്ഷേത്ര പൂജാരി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വിഗ്രഹത്തിൽ ദേവിക്കുചാർത്തിയ 120 ഗ്രാം തൂക്കമുള്ള വെള്ളി കിരീടമാണ് കവർന്നത്. ഓടിളക്കിയാണ് മോഷ്ടാവ് ശ്രീകോവിലിന്റെ അകത്തുകടന്നത്.
ക്ഷേത്രത്തിലെ ഭണ്ഡാരവും എടുത്തുകൊണ്ടുപോയെങ്കിലും ക്ഷേത്രത്തിനു സമീപംതന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 20000 രൂപ നഷ്ടം സംഭവിച്ചതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. നീലേശ്വരം പൊലീസും കാസർകോട് നിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ഡിസംബർ 17നും ക്ഷേത്രത്തിൽ കവർച്ച നടന്നിരുന്നു. പൂട്ടുപൊളിച്ച് ക്ഷേത്രത്തിനകത്തുകടന്ന്, ഓഫിസ് മുറിയിൽ സൂക്ഷിച്ച ഭണ്ഡാരമാണ് മോഷ്ടിച്ചത്. ഈ സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇത് അഞ്ചാം തവണയാണ് ക്ഷേത്രത്തിൽ കവർച്ച നടക്കുന്നത്. ഇതിൽ ഒരുപ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ജില്ലക്കുപുറത്ത് നിന്നുള്ള പൊലീസ് സ്റ്റേഷനിൽ മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പള്ളിക്കര ക്ഷേത്രത്തിൽ മോഷണം നടത്തിയതായി സമ്മതിച്ചത്. മറ്റ് കേസുകളിലൊന്നും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. നിരന്തരം ഒരു ക്ഷേത്രത്തിൽതന്നെ കവർച്ച നടക്കുന്നതിൽ ഭക്തജനങ്ങളും ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.