നീലേശ്വരം: നീലേശ്വരം പാലാത്തടത്ത് നിർമിച്ച കേന്ദ്രീയ വിദ്യാലയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നഗരസഭയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ നഗരസഭ ജനപ്രതിനിധികൾ ഏകകണ്ഠമായി തീരുമാനിച്ചു.
ചൊവ്വാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായാണ് നീലേശ്വരം കേന്ദ്രീയ വിദ്യാലയ കെട്ടിടം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത്.
ഇതുമായി ബന്ധപ്പെട്ട നോട്ടീസിലെ കാര്യപരിപാടിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി., എം. രാജഗോപാലൻ എം.എൽ.എ, ജില്ല കലക്ടർ കെ. ഇമ്പശേഖർ തുടങ്ങിയവരുടേതടക്കം പേര് ഉൾപ്പെടുത്തിയിട്ടും വിദ്യാലയം സ്ഥിതി ചെയ്യുന്ന നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്തയുടെയോ മറ്റ് ജനപ്രതിനിധികളുടെയോ പേര് ഉൾപ്പെടുത്തുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. 2017 നവംബറിലാണ് നീലേശ്വരത്ത് കേന്ദ്രീയ വിദ്യാലയം തുടങ്ങിയത്.
നഗരസഭയുടെ അധീനതയിലുള്ള കടിഞ്ഞിമൂല ജി.ഡബ്ല്യു.എൽ.പി സ്കൂളിലെ ഒഴിഞ്ഞ കെട്ടിടം കേന്ദ്രീയ വിദ്യാലയത്തിനായി നഗരസഭ മുൻകൈയെടുത്താണ് വിട്ടുകൊടുത്തത്. സ്കൂളിലേക്കാവശ്യമായ ഫർണിച്ചർ വാങ്ങി നൽകിയതും പത്ത് ലക്ഷം രൂപ ചെലവഴിച്ച് ടോയ്ലറ്റ് കോംപ്ലക്സ് നിർമിച്ചുനൽകിയതും നഗരസഭയാണ്.
കേന്ദ്രീയ വിദ്യാലയം നാടിന് നഷ്ടമാകരുത് എന്ന് കരുതിയാണ് നഗരസഭ ഭൗതിക സൗകര്യങ്ങൾ ഒരുക്കി നൽകിയത്. എല്ലാവിധ പിന്തുണയും നൽകിയ നഗരസഭ അധികൃതരെ ക്ഷണിക്കാതിരുന്നത് നഗരസഭയോടും നാട്ടുകാരോടുമുള്ള കടുത്ത അവഗണനയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് കൗൺസിൽ ഒന്നടങ്കം പരിപാടിയിൽനിന്ന് വിട്ടുനിൽക്കുന്നതിന് തീരുമാനിച്ചതെന്നും നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.