നീലേശ്വരം: ടെറസിൽനിന്ന് കേൾക്കുന്ന അജ്ഞാതശബ്ദത്തിലും കമ്പനത്തിലും വിറങ്ങലിച്ച് നീലേശ്വരം വൈനിങ്ങാലിലെ പുണർതം വീട്ടിലെ താമസക്കാർ. ടി.വി. പ്രകാശനും കുടുംബവുമാണ് കഴിഞ്ഞ ഒന്നരവർഷമായി ഈ ദുരിതം അനുഭവിക്കുന്നത്. നീലേശ്വരം നഗരസഭ അതിർത്തിയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈ വില്ലേജിലാണ് ഈവീട്.
രണ്ടരവർഷം മുമ്പ് പണിത ഒറ്റനിലവീടാണിത്. ആദ്യകാലങ്ങളിൽ രാത്രിവിളക്കുകൾ കെടുത്താൽ 9.30ന് ശേഷം ഒറ്റത്തവണയാണ് ശബ്ദം കേട്ടിരുന്നതെങ്കിൽ ക്രമേണ ഇത് കൂടിക്കൂടിവന്നു. ഇപ്പോൾ സന്ധ്യ മയങ്ങിയാൽ പുലർകാലംവരെ അര-മുക്കാൽ മണിക്കൂർ ഇടവിട്ട് ശബ്ദമുണ്ടാകുന്നു. ഇതോടെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട നിലയിലാണ് വീട്ടുകാർ. ടെറസിൽ പോയിനിന്നാലും ശബ്ദം കേൾക്കുന്നതും കമ്പനം അറിയുന്നതുമല്ലാതെ ഒന്നും കാണാനില്ല.
എൻജിനീയർ, കോൺക്രീറ്റ് പണിക്കാർ, ഇലക്ട്രീഷ്യൻ, പ്ലംബർ എന്നിവരെല്ലാം ഇവിടം സന്ദർശിച്ച് നൽകിയ നിർദേശങ്ങൾ നടപ്പാക്കിയിട്ടും ശബ്ദം നിലക്കുന്നില്ല. ഇതോടെ ഗൃഹനാഥനായ ടി.വി. പ്രകാശൻ ജില്ല മൈനിങ് ആൻഡ് ജിയോളജി വിഭാഗത്തെ രേഖാമൂലം വിവരമറിയിച്ചിരിക്കുകയാണ്. കലക്ടർ, കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി, ഹോസ്ദുർഗ് പൊലീസ് എന്നിവർക്കും നിവേദനത്തിന്റെ കോപ്പി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.