നീലേശ്വരം: ജില്ലയിലെ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കാൻ ലക്ഷ്യമിട്ട് ബജറ്റിൽ പ്രഖ്യാപിച്ച നീലേശ്വരം നിയമപഠനകേന്ദ്രത്തിന് പിന്നീട് എന്തുസംഭവിച്ചുവെന്ന് ജനങ്ങൾ ചോദിച്ചുതുടങ്ങിയിട്ട് വർഷം രണ്ട് തികയുന്നു. ‘സ്റ്റേ’ ആണോ, എവിടെ, ആരോട് അപ്പീൽ ചെയ്യും എന്നുമറിയില്ല.
ബജറ്റിലെ പ്രഖ്യാപനത്തോടെ നിയമപഠന കേന്ദ്രം നീലേശ്വരത്തെ കൊതിപ്പിച്ച് കടന്നുകളഞ്ഞ അവസ്ഥയാണിപ്പോൾ. ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് ഒരുകോടി രൂപയും രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് രണ്ടുകോടി രൂപയും ടോക്കൺതുക നീക്കിവെച്ചപ്പോൾ എല്ലാം ശരിയാകുമെന്നുപറഞ്ഞ് കാത്തിരുന്ന നീലേശ്വരത്തുകാർ, പക്ഷേ വർഷം രണ്ട് കഴിഞ്ഞിട്ടും കാത്തിരിപ്പ് തുടരുകയാണ്. നീലേശ്വരത്ത് നിയമപഠന കേന്ദ്രത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ് നീലേശ്വരം നഗരസഭയാണ് ആദ്യമായി പ്രമേയം പാസാക്കിയത്. മുൻ എം.പി പി. കരുണാകരനൊപ്പം അന്നത്തെ നിയമ മന്ത്രിയായിരുന്ന എ.കെ. ബാലനെ കണ്ട് കൗൺസിൽ പ്രമേയമടക്കമുള്ള നിവേദനം നഗരസഭ കൈമാറി.
സർക്കാർ 2020-21 ബജറ്റിൽ നിയമപഠന കേന്ദ്രത്തിനായി ഒരുകോടി രൂപയുടെ ടോക്കൺ തുക അനുവദിച്ചു. നീലേശ്വരം പാലാത്തടം സർവകലാശാല കാമ്പസിന് മുന്നിലുള്ള റവന്യൂ ഭൂമിയാണ് നിയമപഠന കേന്ദ്രത്തിനായി കണ്ടെത്താൻ ധാരണയായത്. ബന്ധപ്പെട്ട റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് പരിശോധനയും നടത്തിയതാണ്. കോവിഡ് വന്നതോടെ നിയമപഠന കേന്ദ്രവും കോവിഡിൽപെട്ടു. നീലേശ്വരത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുന്നതാണ് നിയമപഠന കേന്ദ്രം. ബജറ്റിൽ ടോക്കൺതുക നീക്കിവെച്ചിട്ടും തുടർനടപടികൾ ഉണ്ടായില്ല. ജില്ലക്ക് മുഴുവൻ മുതൽക്കൂട്ടാകുന്ന സ്ഥാപനമായാണ് നിയമപഠന കേന്ദ്രത്തിന്റെ പ്രഖ്യാപനം ഞങ്ങൾ കണ്ടത്. കോവിഡ് കാരണം കുറേക്കാലം തുടർനടപടികളില്ലാതെയായി. നീലേശ്വരത്തിന്റെ ആവശ്യമായി കണ്ട് നഗരസഭയുടെ ഭാഗത്തുനിന്ന് വിഷയം സർക്കാറിന്റെ പരിഗണനയിൽ കൊണ്ടുവരാൻ കൂടുതൽ ഇടപെടൽ നടത്തുമെന്ന് നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി പറഞ്ഞു.
നീലേശ്വരത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായാണ് 2019ൽ കൗൺസിൽയോഗം നിയമപഠന കേന്ദ്രത്തിനായി പ്രമേയം പാസാക്കിയത്. പിന്നീടങ്ങോട്ട് നിരന്തരമായി സമ്മർദം ചെലുത്തിയാണ് ബജറ്റിലും ഇടംപിടിച്ചത്. പക്ഷേ, തുടർന്ന് പുരോഗതിയുണ്ടാകാത്തത് നിർഭാഗ്യമാണ്. ജനപ്രതിനിധികളും ഉന്നത വിദ്യാഭ്യാസവകുപ്പും ഒറ്റക്കെട്ടായി ശ്രമിക്കുകയാണെങ്കിൽ ലോ കോളജ് യാഥാർഥ്യമാക്കാനാകുമെന്ന് മുൻ നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.