നീലേശ്വരം: പൂവാലംകൈ ശാസ്തമംഗലത്തപ്പൻ ശിവക്ഷേത്രത്തിലെ ഒറ്റയാൾക്കുളം വിസ്മയമാകുന്നു. കുളം നിർമിച്ചത് ചാത്തമത്തെ വി.കെ. വിനീഷ് എന്ന യുവാവ് ഒറ്റക്കാണ്. ലക്ഷത്തിനടുത്ത് ചെങ്കല്ലുകൊണ്ട് നിർമിച്ച തീർഥക്കുളത്തിലെ ഓരോ കല്ലും കെട്ടിപ്പൊക്കിയത് ഈ 39കാരൻ ഒറ്റക്കാണെന്ന് അറിയുമ്പോൾ എങ്ങനെ വിസ്മയിക്കാതിരിക്കും? കല്ലുകൾ കെട്ടുമ്പോൾ ഒരു പൊടിപോലും സിമന്റ് ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രണ്ട് കല്ലുകൾ പരസ്പരം ഒട്ടിക്കിടക്കുന്നരീതിയിൽ മിനുസ്സപ്പെടുത്തിയാണ് പരമ്പരാഗത ശൈലിയിലുള്ള നിർമാണം. തന്റെ 22ാം വയസ്സിലാണ് വിനീഷ് കല്ലുകെട്ട് തൊഴിലിലേക്കിറങ്ങുന്നത്.
നിരവധി വീടുകളും ക്ഷേത്രമുറ്റത്ത് ഉൾപ്പെടെ കല്ലുപാകലൊക്കെ ചെയ്തിട്ടുണ്ടെങ്കിലും കുളം നിർമാണത്തിന് തുനിയുന്നത് ആദ്യമായിട്ടാണ്. ക്ഷേത്ര കമ്മിറ്റി വിശ്വസിച്ചേൽപിച്ച പണി ഭംഗിയായി ചെയ്തുതീർക്കാൻ പറ്റിയ സന്തോഷത്തിലാണ് അദ്ദേഹം. 2022 ഫെബ്രുവരിയിലാണ് വിനീഷ് ഈ ദൗത്യം ഏറ്റെടുക്കുന്നത്. കൃത്യം ഒരു വർഷമേയെടുത്തുള്ളൂ, 2023 ഫെബ്രുവരി 22ന് കുളം നിർമാണം പൂർത്തിയാക്കി ക്ഷേത്രത്തിന് സമർപ്പിച്ചു. സ്വയം ആർജിച്ചെടുത്ത അറിവിൽനിന്നായിരുന്നു പടിപടിയായുളള കുളംനിർമാണം.
കല്ലെത്തിക്കാനും മിനുസപ്പെടുത്താനും ഏഴുപേർ ഒപ്പമുണ്ടായിരുന്നതായി വിനീഷ് പറയുന്നു. ഏകദേശം നൂറിനടുത്ത് പടവുകളുള്ള കുളത്തിൽ ഇപ്പോൾ പകുതിയോളം വെള്ളമുണ്ട്. നിർമാണത്തിന് ഏകദേശം 75 ലക്ഷം രൂപയോളം ചെലവ് വന്നതായി ക്ഷേത്രഭാരവാഹികൾ പറയുന്നു. കുളമൊരുങ്ങിയതോടെ പ്രദേശത്തെ കിണറുകളെല്ലാം ജലസമൃദ്ധമായി. അതിനുശേഷം ജില്ലയിൽ സമാനമായ അഞ്ചു കുളം കൂടി നിർമിക്കാൻ വിനീഷിന് അവസരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.