തൃക്കരിപ്പൂർ: ഒരുദിവസത്തെ നോമ്പുതുറ ഒരുക്കണമെന്ന ആഗ്രഹവുമായാണ് തങ്കയത്തെ പൊതുവിതരണ കേന്ദ്രം ഉടമ അജേഷ് മഹല്ല് ഭാരവാഹികളെ സമീപിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഈ വർഷം പള്ളിയിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചിരുന്നില്ല.
പകരം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദാരമതികളുടെ സഹകരണത്തോടെ മഹല്ലിലെ വീട്ടുകളിലേക്ക് റമദാൻ കഞ്ഞി വിതരണം നടത്തിവരുകയായിരുന്നു. മട്ടൻ ശോർബ, ഓട്ട്സ്, സേമിയ പായസം, ചിക്കൻ ശോർബ, പയറ് കഞ്ഞി, നെയ്കഞ്ഞി, കഫ്സ എന്നിവയാണ് ഓരോ ദിവസവും തയാറാക്കി വിതരണം ചെയ്തിരുന്നത്.
ഈ വിവരം കമ്മിറ്റി അജേഷിനെ അറിയിച്ചെങ്കിലും തൻെറ ആഗ്രഹത്തിൽനിന്ന് പിന്മാറാൻ തയാറായിരുന്നില്ല. എങ്കിൽ അവയിൽ നല്ലൊരു വിഭവം ഒരു ദിവസം തൻെറ വക നൽകണമെന്നതായിരുന്നു അജേഷിൻെറ ആവശ്യം. ഇത് മാനിച്ച് തങ്കയം മസ്ജിദ് അങ്കണത്തിൽ അജേഷിൻെറ സ്പോൺസർഷിപ്പിൽ സൗദി വിഭവമായ മട്ടൻ ശോർബ (ആട്ടിറച്ചി ചേർത്ത കഞ്ഞി) വിതരണം ചെയ്തു.
മഹല്ലുവാസികൾക്ക് വിഭവം കൈമാറി അജേഷ് തന്നെ വിതരണം ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ ടൗൺ വാർഡ് മെംബർ ഇ. ശശിധരൻെറ സഹോദരനാണ് അജേഷ്. പ്രവാസികളായ മൂപ്പൻറകത്ത് അബ്ദുല്ല, കുഞ്ഞിപ്പുരയിൽ ഉമ്മർ എന്നിവരാണ് സൗജന്യമായി വിഭവങ്ങൾ പാകം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.