തൃക്കരിപ്പൂർ: ഗുജറാത്തിൽ നടന്ന ദേശീയ ബീച്ച് സോക്കർ ടൂർണമെന്റിൽ കേരളം കിരീടം ചൂടിയത് കാസർകോടിന്റെ ചിറകിൽ. ടീമിന്റെ പരിശീലകനും മാനേജറും12 അംഗ ടീമിലെ ആറ് കളിക്കാരും ജില്ലയിൽ നിന്നാണ്. സംസ്ഥാന സീനിയർ ഫുട്ബാൾ ട്രോഫി നേടിയ ടീമിന്റെ പരിശീലകൻ ഷസിൻ ചന്ദ്രനാണ് ഇക്കുറി ദേശീയ നേട്ടത്തിലേക്ക് കേരളത്തെ പിടിച്ചുയർത്തിയത്.
മാനേജർ സിദ്ദീഖ് ചക്കര, കളിക്കാരായ കെ. കമാലുദ്ദീൻ, യു. സുഹൈൽ, ജിക്സൺ, കെ.എം.സി. ഷാഹിദ്, ടി.കെ.ബി. മുഹ്സീർ, ശഹാസ് റഹ്മാൻ എന്നിവരാണ് കിരീട നേട്ടം സമ്മാനിച്ചത്. ഗ്രൂപ് ഘട്ടത്തിൽ പഞ്ചാബിനെതിരെ 6-5 ന്റെ പരാജയം ഏറ്റുവാങ്ങിയ കേരളത്തിന്റെ മധുര പ്രതികാരം കൂടിയായി ഫൈനലിലെ 13 - 4 ഈ വിജയം.പഞ്ചാബിന്റെ കായിക ശേഷിയും പരുക്കൻ അടവുകളും മറികടന്നാണ് കേരളം കപ്പിൽ മുത്തമിട്ടത്.
സെമിയിൽ ഉത്തരാഖണ്ഡിനെ 11- 9ന് പരാജയപ്പെടുത്തിയാണ് കേരളം മുന്നേറിയത്. ക്വാർട്ടറിൽ ലക്ഷദ്വീപിനെ തോൽപിച്ച കേരളം ഗ്രൂപ് ഘട്ടത്തിൽ പഞ്ചാബിനെതിരായ മത്സരം ഒഴികെ മുഴുവൻ മത്സരങ്ങളിലും വിജയിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ദേശീയ ബീച്ച് സോക്കർ നടക്കുന്നത്. ബീച്ച് സോക്കർ ലോകകപ്പ് ദുബൈയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.