കോവിഡ് പ്രതിരോധം തീർക്കാൻ വാർഡുകളിൽ പൊലീസിന് ചുമതല

തൃക്കരിപ്പൂർ: കോവിഡ് വ്യാപനം തടയുന്നതിന് സൂക്ഷ്മതലത്തിൽ പൊലീസ് ഇടപെടുന്നു. മുന്നണിപ്പോരാളിയാവുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് മുഴുവൻ സേനാംഗങ്ങളെയും ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ തോറും പദ്ധതി നടപ്പാക്കുക. ചന്തേര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ തൃക്കരിപ്പൂർ, പടന്ന, പിലിക്കോട്, വലിയപറമ്പ, ചെറുവത്തൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും ഓരോ പൊലീസ് ഉദ്യോഗസ്ഥർക്കായി വീതിച്ച് നൽകും. സ്വയം പ്രതിരോധത്തിനോടൊപ്പം മറ്റുള്ളവരിലേക്ക് കോവിഡ് പ്രതിരോധ സന്ദേശമെത്തിക്കുകയാണ് ഉദ്ദേശ്യം. സ്​റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങും. എസ്.ഐ മുതൽ സിവിൽ പൊലീസ് ഓഫിസർമാർ വരെയുള്ള ഉദ്യോഗസ്ഥർക്ക് ഒന്നുമുതൽ രണ്ടുവരെ വാർഡുകളുടെ മേൽനോട്ട ചുമതല ഉണ്ടാവും. ഓരോ പഞ്ചായത്തിലും ഒരു പൊലീസ് ഉദ്യോഗസ്ഥന് പ്രത്യേക ചുമതല നൽകും.

അഞ്ച് പഞ്ചായത്തുകളുടെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തി​െൻറ ഏകോപനം അസി. സബ് ഇൻസ്പെക്ടർ ടി. തമ്പാ​െൻറ ചുമതലയാണ്. ഓരോ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ആശ വർക്കർമാർ, ഹെൽത്ത് വർക്കർമാർ, ജാഗ്രത സമിതി മെംബർമാർ എന്നിവരെ ബന്ധപ്പെട്ട് വാർഡിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യും. വീടുകളിൽ അടിസ്ഥാന സൗകര്യമില്ലാത്ത പോസിറ്റിവ് രോഗികളെ ഒന്നാം തല ചികിത്സ കേന്ദ്രത്തിലേക്കോ ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്കോ മാറ്റാൻ നടപടി സ്വീകരിക്കും. ഓരോ പോസിറ്റിവ് രോഗിയെയും നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെട്ട് ആവശ്യങ്ങൾ അറിഞ്ഞ് സഹായമെത്തിക്കും.

കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പൊലീസ്- പൊതുജന ബന്ധം ശക്തിപ്പെടുത്താനും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പൂർണ സഹകരണം നൽകാനും ജനപ്രതിനിധികളോടും ജാഗ്രത സമിതി പ്രവർത്തകരോടും ചന്തേര പൊലീസ് സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസ് അഭ്യർഥിച്ചു.



Tags:    
News Summary - Police in charge of wards to deal with covid resistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.