തൃക്കരിപ്പൂർ: പ്രദേശത്തെ കണ്ണൂർ ജില്ലയുമായി ബന്ധിപ്പിക്കുന്ന തങ്കയം ബൈപാസ് റോഡിൽ ബസുകൾ ഓടുന്നില്ല. കോവിഡിന് സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പടെ 30 ലേറെ സർവിസുകൾ നടത്തിയിരുന്ന റൂട്ടിലാണ് ഒരുബസുപോലും ഓടാത്തത്.
തൃക്കരിപ്പൂർ പ്രദേശത്ത് നിന്ന് റെയിൽവേ ഗേറ്റിന്റെ തടസ്സമില്ലാതെ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പട്ടണവുമായി ബന്ധപ്പെടുത്തുന്ന റോഡാണ് തങ്കയം ബൈപാസ്. ഒട്ടേറെ ബസുകൾക്ക് ഇതുവഴി പെർമിറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും സർവിസിന് തയാറാവുന്നില്ല. കോവിഡിന് ശേഷം സർവിസ് പൂർണമായി നിലക്കുകയായിരുന്നു.
തായിനേരി, തങ്കയം, പയ്യന്നൂർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന കുട്ടികളുൾപ്പെടെയുള്ളവർ ഏറെ പ്രയാസപ്പെടുകയാണ്. തങ്കയം ബൈപാസ് വഴി പയ്യന്നൂർ ഡിപ്പോയിൽ നിന്ന് ചെറുവത്തൂർ, പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് അതിരാവിലെ കെ.എസ്.ആർ.ടി.സി സർവിസ് ഉണ്ടായിരുന്നതും ഇപ്പോഴില്ല. ഇതിനെ ആശ്രയിച്ചിരുന്ന നൂറുകണക്കിനാളുകളാണ് സ്വകാര്യ വാഹനങ്ങൾ ആശ്രയിക്കുന്നത്.
ഇതുസംബന്ധിച്ച് കാസർകോട്ട് മോട്ടോർ വാഹന വകുപ്പ് 2022 ഒക്ടോബർ 14 ന് സംഘടിപ്പിച്ച വാഹനീയം പരാതി പരിഹാര അദാലത്തിൽ പ്രദേശവാസികൾ നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ല. തുടർന്ന് ഗതാഗത മന്ത്രിക്ക് പരാതി നൽകിയെങ്കിലും നടപടി മാത്രം ഉണ്ടാകുന്നില്ല.
രാത്രി 7.30 കഴിഞ്ഞാൽ പയ്യന്നൂരിൽ നിന്ന് തൃക്കരിപ്പൂർ റൂട്ടിലേക്ക് വരാനുള്ള സ്വകാര്യ ബസുകൾ പയ്യന്നൂരിൽ സർവിസ് അവസാനിപ്പിക്കുകയാണ്. ഇതുമൂലം ഒളവറ മുതൽ കാലിക്കടവ് വരെയുള്ള യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.