തൃക്കരിപ്പൂരിൽ ഭരണത്തുടർച്ച തേടി യു.ഡി.എഫ്

തൃക്കരിപ്പൂർ: സുശക്തമായ വോട്ടടിത്തറയിൽ യു.ഡി.എഫ് അധികാരത്തിലേറുന്ന പാരമ്പര്യമാണ് തൃക്കരിപ്പൂരിൽ. വാർഡ് വിഭജനത്തിനുമുമ്പും പിന്നീടും ഭരണസാരഥ്യം മുസ്‌ലിം ലീഗി​െൻറ നേതൃത്വത്തിൽ യു.ഡി.എഫിന് കൈവന്ന ചരിത്രം.

1951 മുതൽ മൂന്നു പതിറ്റാണ്ടോളം സോഷ്യലിസ്​റ്റ്​ പശ്ചാത്തലമുള്ളവരാണ് പഞ്ചായത്ത് ഭരിച്ചത്. വി.പി. മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞിക്കണ്ണ പൊതുവാൾ, ടി.വി. ചവിണിയൻ എന്നിവരിലൂടെ വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലർ വരെ പ്രജാ സോഷ്യലിസ്​റ്റ്​ പാർട്ടിയുടെ ഈ ശൃംഖല നീണ്ടു. 1980നുശേഷം എട്ടു വർഷക്കാലം തെരഞ്ഞെടുപ്പ് നടന്നില്ല. സർക്കാർ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരാണ് ഇക്കാലയളവിൽ ഭരണം കൈയാളിയത്. 1988ൽ മുസ്‌ലിം ലീഗിലെ എം. മുഹമ്മദ് കുഞ്ഞി ഹാജി(ഖാൻ സാഹിബ്)യുടെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേറ്റു. തുടർന്ന് ഇതുവരെയും യു.ഡി.എഫ് ഭരണം നിലനിർത്തിപ്പോരുന്നു. സോഷ്യലിസ്​റ്റ്​ പശ്ചാത്തലമുള്ള പാർട്ടിക്ക് ഒറ്റസീറ്റിലാണ് ഇപ്പോഴത്തെ പ്രാതിനിധ്യം. 21 അംഗ ഭരണസമിതിയിൽ മുസ്‌ലിം ലീഗ്-10, കോൺഗ്രസ്-5, സി.പി.എം- 5, എൽ.ജെ.ഡി-1 എന്നിങ്ങനെയാണ് നിലവിലുള്ള കക്ഷിനില. പഞ്ചായത്തി​െൻറ പടിഞ്ഞാറൻ തീരദേശമേഖല യു.ഡി.എഫിനൊപ്പവും കിഴക്കൻ മേഖല എൽ.ഡി.എഫിനൊപ്പവും നിലകൊള്ളുന്നതാണ് കീഴ്വഴക്കം. ആയിറ്റി (1), തൃക്കരിപ്പൂർ ടൗൺ (3), ഉടുമ്പുന്തല (13), തെക്കെവളപ്പ് (14), കൈക്കോട്ട്കടവ് (15), പൂവളപ്പ് (16), വള്‍വക്കാട് (17), ബീരിച്ചേരി (19), മെട്ടമ്മല്‍ (20), വെള്ളാപ്പ് (21) എന്നിവയാണ് മുസ്‌ലിം ലീഗി​െൻറ വാർഡുകൾ. കോൺഗ്രസ് പേക്കടം (2), തങ്കയം (8), ഉളിയം (11), ഒളവറ (12), വയലോടി (18) വാർഡുകളെ പ്രതിനിധാനം ചെയ്യുന്നു. ഇയ്യക്കാട് (4), വൈക്കത്ത്(5), കൊയോങ്കര (6), കക്കുന്നം (9), തലിച്ചാലം (10) എന്നിവിടങ്ങളിൽനിന്നാണ് സി.പി.എം അംഗങ്ങൾ. എൽ.ജെ.ഡിയുടെ ഏക പ്രതിനിധി എടാട്ടുമ്മൽ (7) വാർഡിൽ നിന്നാണ്.

നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ തൃക്കരിപ്പൂർ ടൗൺ വാർഡ് പട്ടികജാതി സംവരണ വാർഡായിട്ടുണ്ട്. രണ്ടുമുതൽ ഏഴുവരെയും ഒമ്പത്, പത്ത്, 15, 16, 20, 21 വാർഡുകളും ഇക്കുറി വനിതകൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ജനതാദളിൽനിന്ന് നറുക്കെടുപ്പിലൂടെ സി.പി.എമ്മിന് കൈവന്ന ഒമ്പതാം വാർഡിൽ മേന്മയുള്ള സ്​ഥാനാർഥികളെ കണ്ടെത്താനുള്ള അവസാന ചർച്ചകൾ പുരോഗമിക്കുന്നു.

കടുത്ത മത്സരത്തിൽ വോട്ടുവിഹിതം തുല്യനിലയിലായപ്പോഴാണ് ഇവിടെ നറുക്കെടുപ്പ് വേണ്ടിവന്നത്. സൗത്ത്, നോർത്ത് എന്നിങ്ങനെ പഞ്ചായത്ത് വിഭജനം നടന്നാൽ ഒരിടത്ത് സി.പി.എം പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്.

നിലവിലുള്ള സാഹചര്യത്തിൽ അത്ഭുതങ്ങളൊന്നും സംഭവിക്കാനില്ല എന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്.

സ്​ഥാനാർഥിനിർണയം തദ്ദേശ തെരഞ്ഞെടുപ്പിൽ നിർണായകമാവുമെന്നതിനാൽ മികച്ച വ്യക്തികളെ കണ്ടെത്തി രംഗത്തിറക്കാനാണ് ഇരുവിഭാഗവും ആലോചിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.