അങ്കമാലി: സ്വകാര്യ ആശുപത്രി മാനേജറെ കൊലപ്പെടുത്താന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരനും വാടകഗുണ്ടകളും അടക്കം നാലുപേര്‍ അറസ്റ്റില്‍.
കറുകുറ്റി അപ്പോളോ ആശുപത്രിയിലെ ഫാര്‍മസി എക്സിക്യൂട്ടിവായ അങ്കമാലി വെസ്റ്റ് വേങ്ങൂര്‍ പ്രളയക്കാട് തെക്കുംപുറത്ത് വീട്ടില്‍ ജിബു (40), വാടകഗുണ്ടകളായ ഇടുക്കി ദേവികുളം ഇല്ലിക്കല്‍ കുറ്റിവേലി വീട്ടില്‍ നിതിന്‍ (23), വെസ്റ്റ് വേങ്ങൂര്‍ പ്രളയക്കാട് തെക്കുംപുറത്ത് വീട്ടില്‍ അമല്‍ (23), ഇരുമ്പനം കൊല്ലംപടി തെക്കേമാലി വീട്ടില്‍ ബെന്‍ബാബു (29) എന്നിവരെ ജില്ല റൂറല്‍ എസ്.പി ജി. കാര്‍ത്തിക്കിെൻറ നേതൃത്വത്തില്‍ ആലുവ ഡിവൈ.എസ്.പി ജി. വേണുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്ട് ഭാര്യയും മക്കളുമുള്ള ജിബു ആശുപത്രിയിലെ ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നു. അതിനിടെയാണ് തമിഴ്നാട്ടില്‍നിന്ന് പുതിയ മാനേജര്‍ ചാര്‍ജെടുത്തത്. ജിബുവിനെയും കാമുകിയെയും ജോലിസംബന്ധമായ പ്രശ്നങ്ങളില്‍ ഇടപെട്ട് തുടര്‍ച്ചയായി മാനേജര്‍ ശകാരിച്ചിരുന്നു. ഇതോടെ ഇരുവര്‍ക്കും പകയായി. മാനേജര്‍ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ സെപ്റ്റംബര്‍ 27ന് അര്‍ധരാത്രി ഗുണ്ടകളെത്തി ക്രൂരമായി മര്‍ദിച്ചു. അവശനിലയിലായ മാനേജര്‍ക്ക് ആക്രമിച്ചത് ആരാണെന്നോ എന്തിനാണെന്നോ മനസ്സിലായില്ല. പിറ്റേ ദിവസം മുതല്‍ ജിബുവും കാമുകിയും മാനേജറെ പരിചരിക്കുകയും കൂടുതല്‍ അടുക്കുകയും ചെയ്തതിനാല്‍ അവരെ സംശയിച്ചില്ല. പൊലീസില്‍ പരാതി നല്‍കാനും തയാറായില്ല.
പരിക്ക് സാരമായതിനാല്‍ ആശുപത്രി അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങി വൈകിയാണ് പരാതി നല്‍കിയത്. ആദ്യ അന്വേഷണത്തില്‍ പൊലീസിന് സൂചനയൊന്നും ലഭിച്ചില്ല. ജിബുവിെൻറ പ്രണയം ആരും പൊലീസിനോട് പറഞ്ഞില്ല. അതിനിടെ, ആശുപത്രിയില്‍നിന്ന് രാജിവെച്ച് പോയ ജീവനക്കാരിയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ജിബുവിെൻറ പ്രണയം വെളിപ്പെടുത്തി. കാമുകിയെ പൊലീസ് ചോദ്യം ചെയ്തു. അതോടെയാണ് ആക്രമണത്തിന് പിന്നില്‍ ജിബുവും വാടകഗുണ്ടകളുമാണെന്ന് പൊലീസ് കണ്ടെത്തിയത്.
ഗുണ്ടകള്‍ക്ക് കൂലി നല്കാന് കാമുകിയുടെ മോതിരം പണയംവെച്ച രേഖ കണ്ടെത്താന്‍ സാധിച്ചതാണ് കുറ്റവാളികളെ പിടികൂടാന്‍ സഹായകമായത്. മറ്റ് സംഘാംഗങ്ങളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അങ്കമാലി സ്റ്റേഷന് ഹൗസ് ഓഫിസര്‍ സോണി മത്തായി, പ്രിന്‍സിപ്പല്‍ എസ്.ഐ ടി.എം. സൂഫി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ റോണി അഗസ്റ്റിൻ, ജീമോന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ബെന്നി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.