എം.പി. വിരേന്ദ്രകുമാര്‍ നയിച്ച എല്‍.ജെ.ഡിയിൽ നിന്ന്​ 200ഓളം പേര്‍ യു.ഡി.എഫിലേക്ക്

അങ്കമാലി: അന്തരിച്ച എം.പി. വിരേന്ദ്രകുമാര്‍ നയിച്ച എല്‍.ജെ.ഡിയില്‍ നിന്ന് എറണാകുളം ജില്ലയിലെ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും നിയോജക മണ്ഡലം പ്രസിഡന്‍റുമാരുമടക്കം 200 ഓളം പേര്‍ രാജിവെച്ചു. ശ്രേയാംസ്​ കുമാറിൻെറ കുടുംബവാഴ്ചയിലും പതിവായ കൂറുമാറ്റങ്ങളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംനാദ് കുട്ടിക്കട, സംസ്ഥാന ഭാരവാഹികളായ ഉമ്മര്‍ പുതിയേടത്ത്, ഷാജി ചോറ്റാനി, പി.കെ ബാബു, തോമസ് റാഫേല്‍, പോള്‍ പഞ്ഞിക്കാരന്‍, ലില്ലി ജയന്‍, റോയ് തോമസ് എന്നിവര്‍ അങ്കമാലിയില്‍ വാര്‍ത്ത സമ്മേളനത്തിൽ അറിയിച്ചു.

ശ്രേയാംസ്​ കുമാറിന്‍െറ കുടുംബത്തിന്‍െറയും മറ്റൊരു ചെറിയ വിഭാഗത്തിന്‍െറയും താത്പര്യ സംരക്ഷണത്തിനാണ് പാര്‍ട്ടി നിലകൊള്ളുന്നത്. ജനാധിപത്യ മര്യാദകള്‍ കാറ്റില്‍ പറത്തുകയാണെന്നും അവര്‍ ആരോപിച്ചു. ശ്രേയാംസ്​ കുമാര്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. വീരേന്ദ്രകുമാര്‍ ജീവിച്ചിരിക്കുമ്പോഴും പാര്‍ട്ടിയുടെ പോക്കില്‍ പ്രവര്‍ത്തകര്‍ നിരാശയിലായിരുന്നു. അദ്ദേഹത്തിന്‍െറ മരണത്തോടെ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. യു.ഡി.എഫ് വിട്ടുപോയതും സംസ്ഥാന കൗണ്‍സിലിലെ ഭൂരിപക്ഷ തീരുമാന പ്രകാരമായിരുന്നില്ല. പ്രസിഡന്‍റിന് സംസ്ഥാന കൗണ്‍സിലില്‍ ഭൂരിപക്ഷമില്ലെന്നും സംസ്ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാറില്ലെന്നും രാജി വെച്ചവർ പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായ ഏകാധിപത്യ പ്രവണതയെ ചോദ്യം ചെയ്യുന്ന നേതാക്കളെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്താക്കുന്ന നടപടിയാണിപ്പോള്‍ അരങ്ങേറുന്നത്. അതിനാല്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗവും പാര്‍ട്ടി നേതൃത്വത്തിൻെറ പോക്കില്‍ അസന്തുഷ്ടരാണ്. രാജിവെച്ച നേതാക്കളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപവത്ക്കരിച്ച്​ ലയന സമ്മേളനം സംഘടിപ്പിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും നേതാക്കള്‍ അറിയിച്ചു. ജനതാദള്‍ യു.ഡി.എഫ് വിഭാഗം സംസ്ഥാന പ്രസിഡന്‍റ്  ജോണ്‍ ജോണും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.  

Tags:    
News Summary - from LJD 200 above workers join to UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.