അങ്കമാലി: പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടശേഷം പിടികൂടിയ കുപ്രസിദ്ധ മോഷണക്കേസ് പ്രതി കൂട്ടാളിയോടൊപ്പം വീണ്ടും കോവിഡ് പരിശോധന കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടു.
ഡ്രാക്കുള സുരേഷ് എന്ന കുന്നത്തുനാട് ഐക്കരനാട് ചൂണ്ടി വടയമ്പാടി ചെമ്മല കോളനി കുണ്ടോലിക്കുടി വീട്ടില്‍ സുരേഷ് (38), കൂട്ടാളി തലശ്ശേരി കതിരൂര്‍ പൊന്ന്യംവെസ്റ്റ് അയ്യപ്പമഠം നാലാം മൈല്‍ റോസ് മഹല്‍ വീട്ടില്‍ മിഷാൽ (22) എന്നിവരാണ് വെള്ളിയാഴ്ച പുലര്‍ച്ച അങ്കമാലി കറുകുറ്റിയിലെ കാര്‍മല്‍ റിട്രീറ്റ് സെൻററില്‍ നിന്ന് തടവുചാടിയത്. പെരുമ്പാവൂര്‍ തണ്ടേക്കാടുള്ള കച്ചവട സ്ഥാപനത്തില്‍നിന്ന് പണം മോഷ്ടിച്ച കേസിലാണ് സുരേഷ് ബുധനാഴ്ച അറസ്റ്റിലായത്.
തുടര്‍ന്ന് രാത്രിയോടെ പൊലീസ് മറ്റൊരു കേസിലെ പ്രതിയെയും സുരേഷിനെയും കറുകുറ്റിയിലെ കോവിഡ് സെൻററില്‍ പാര്‍പ്പിക്കാന്‍ എത്തിച്ചപ്പോൾ പൊടുന്നനെ കുതറി പൊലീസിനെ തള്ളിയിട്ട് ജാതിത്തോട്ടത്തിലൂടെ ഇരുട്ടില്‍ ഓടി മറിഞ്ഞു.
കളമശ്ശേരി എളമക്കരയില്‍ ബൈക്ക് മോഷണക്കേസില്‍ റിമാന്‍ഡിലായതിനെ തുടര്‍ന്നാണ് മിഷാലിനെ കോവിഡ് സെൻററില്‍ പാര്‍പ്പിച്ചിരുന്നത്. ബുധനാഴ്ച സുരേഷ് മാത്രമാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചയോടെ പെരുമ്പാവൂര്‍ മേപ്രത്തുനിന്ന് ഇയാളെ പിടികൂടിയിരുന്നു.
ആദ്യ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പകല്‍ സമയമാണ് പ്രതിയെ വീണ്ടും കറുകുറ്റിയിൽ എത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ച രണ്ടു പ്രതികളും ചേർന്ന് മുറിയുടെ വാതില്‍ തകര്‍ത്ത് കോണ്‍ക്രീറ്റ് കെട്ടിടത്തിന് മുകളില്‍ കയറി ചാടി രക്ഷപ്പെട്ടു.ഇരുവരും നിരവധി മോഷണ കേസുകളില്‍ പ്രതികളാണ്. പൊലീസ് ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.