അങ്കമാലി കറുകുറ്റിയിലെ കോവിഡ് പരിശോധന കേന്ദ്രത്തില്‍ നിന്ന് തടവുചാടി പ്രതികളായ ‘ഡ്രാക്കുള സുരേഷ്’ എന്ന സുരേഷ്, മിഷാൽ.

കോവിഡ് കേന്ദ്രത്തില്‍നിന്ന് മോഷണക്കേസ് പ്രതികള്‍ രക്ഷപ്പെട്ടു; 'ഡ്രാക്കുള സുരേഷ്' രക്ഷപ്പെട്ടത് രണ്ടാം തവണ

അങ്കമാലി: പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ശേഷം പിടിയിലായ കുപ്രസിദ്ധ മോഷണക്കേസ് പ്രതി കൂട്ടാളിയോടൊപ്പം വീണ്ടും കോവിഡ് പരിശോധന കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. 'ഡ്രാക്കുള സുരേഷ്' എന്ന വടയമ്പാടി ചെമ്മല കോളനി കുണ്ടോലിക്കുടി വീട്ടില്‍ സുരേഷാണ് (38), കൂട്ടാളി തലശ്ശേരി കതിരൂര്‍ പൊന്ന്യംവെസ്റ്റ് അയ്യപ്പമഠം നാലാം മൈല്‍ റോസ് മഹല്‍ വീട്ടില്‍ മിഷാലിനൊപ്പം (22) തടവു ചാടിയത്. അങ്കമാലി കറുകുറ്റിയിലെ കോവിഡ് സെന്‍ററിൽ നിന്നാണ് ഇരുവരും രക്ഷപ്പെട്ടത്.

പെരുമ്പാവൂര്‍ തണ്ടേക്കാടുള്ള കച്ചവട സ്ഥാപനത്തില്‍നിന്ന് പണം മോഷ്ടിച്ച കേസിൽ ബുധനാഴ്ചയാണ് സുരേഷ് അറസ്റ്റിലായത്. തുടര്‍ന്ന് രാത്രിയോടെ പൊലീസ് മറ്റൊരു കേസിലെ പ്രതിയെയും സുരേഷിനെയും കറുകുറ്റിയിലെ കോവിഡ് സെന്‍ററിലേക്ക് എത്തിച്ചപ്പോഴാണ് കുതറി പൊലീസിനെ തള്ളിയിട്ട് ഓടിമറഞ്ഞത്. ബുധനാഴ്ച സുരേഷ് മാത്രമാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചയോടെ പെരുമ്പാവൂര്‍ മേപ്രത്ത് നിന്ന് ഇയാളെ പിടികൂടുകയും ചെയ്തു.

ആദ്യ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പകല്‍ സമയത്താണ് പ്രതിയെ വീണ്ടും കറുകുറ്റിയിലെത്തിച്ചത്. എളമക്കരയില്‍ ബൈക്ക് മോഷണക്കേസില്‍ റിമാന്‍ഡിലായതിനെ തുടര്‍ന്നാണ് മിഷാലിനെ കോവിഡ് സെൻററില്‍ പാര്‍പ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു പ്രതികളും മുറിയുടെ വാതില്‍ തകര്‍ത്ത് കോണ്‍ക്രീറ്റ് കെട്ടിടത്തിന് മുകളില്‍ കയറി അതിവിദഗ്ദമായി ചാടി രക്ഷപ്പെടുകയായിരുന്നു.

രണ്ടുപേരും നിരവധി മോഷണ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി പൊലീസ് ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.