എടവനക്കാട്: സൂനാമി മുന്നൊരുക്കത്തിന്റെ ഭാഗമായി എടവനക്കാട് അണിയില്‍ ബീച്ചില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. പൊലീസ് വാഹനം എത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. പിന്നാലെ ഫയര്‍ ഫോഴ്സ് വാഹനവും ആംബുലന്‍സുകളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ജനപ്രതിനിധികളും പാഞ്ഞെത്തി. അധികം വൈകാതെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വീടുകളില്‍നിന്നും ജനങ്ങളെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്കും ക്യാമ്പുകളിലേക്കും മാറ്റി.
ആദ്യം ജനങ്ങള്‍ പരിഭ്രമിച്ചെങ്കിലും സൂനാമി മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്‍ ആണെന്നറിഞ്ഞപ്പോള്‍ സഹകരിച്ചു. കേരളത്തില്‍ സൂനാമി ദുരന്തം വിതച്ചതിന്റെ 18-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.
മോക്ക് ഡ്രില്ലിനുശേഷം നടന്ന പരിശീലന പരിപാടി കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സൻ കൂടിയായ കലക്ടര്‍ ഡോ. രേണു രാജ് ഓണ്‍ലൈന്‍ ആയി പരിപാടിയില്‍ പങ്കെടുത്തു.
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുല്‍ സലാം, ജില്ല പഞ്ചായത്ത് അംഗം എം.ബി. ഷൈനി, വാര്‍ഡ് മെംബര്‍ സാജു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഉഷ ബിന്ദുമോള്‍, കൊച്ചി തഹസില്‍ദാര്‍ സുനിത ജേക്കബ്, ഇന്റര്‍ ഏജന്‍സി ഗ്രൂപ് കണ്‍വീനര്‍ ടി.ആര്. ദേവന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.