കളമശ്ശേരി: സ്റ്റൈപൻഡ് വർധന ആവശ്യപ്പെട്ട് ഗവ. മെഡിക്കൽ കോളജുകളിൽ സമരം ചെയ്യുന്ന ജൂനിയർ നഴ്സുമാർക്ക് നേരെ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ഭീഷണിയെന്ന് നഴ്സിങ് അസോസിയേഷൻ. സി.എൻ.എസ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ കേരളത്തിലെ ഏഴ് മെഡിക്കൽ കോളജിലെ ജൂനിയർ നഴ്സുമാർ സ്റ്റൈപൻഡ് വർധന ആവശ്യപ്പെട്ട് രണ്ടു ദിവസമായി ജോലികളിൽനിന്ന് വിട്ടുനിന്ന് സമരത്തിലാണ്. ഇതിനെതിരെ നഴ്സുമാരുടെ നഴ്സിങ് കൗൺസിൽ അംഗത്വം റദ്ദാക്കുമെന്നും ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യിക്കുമെന്നും ജയിലിൽ അടക്കുമെന്നും നഴ്സുമാരെ ഹോസ്റ്റലുകളിൽനിന്നും ക്വാറൻറീൻ സെൻററുകളിൽ കഴിയുന്നവരെ അവിടെനിന്നും ഇറക്കിവിടുമെന്നുമുള്ള ഭീഷണി നിലപാടിലാണ് സർക്കാറെന്ന് നഴ്സിങ് അസോസിയേഷൻ പറഞ്ഞു. എന്നാൽ, ഇന്ത്യൻ നഴ്സിങ് കൗൺസിൽ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട നഴ്സുമാരുടെ ലൈസൻസ് റദ്ദാക്കാൻ ശ്രമിച്ചാൽ അതിനെ നിയമപരമായി നേരിടുമെന്ന് സമരക്കാർ പറഞ്ഞു.
ജൂനിയർ നഴ്സുമാർക്ക് ഇടയിൽ നേരത്തേ കോവിഡ് പോസിറ്റിവായി ചികിത്സയിലുള്ള 10 പേർക്ക് പുറമെ വീണ്ടും രണ്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ പരിശോധിക്കാനും ക്വാറൻറീൻ നൽകുന്നതിനും പകരം പ്രതികാര നടപടിയുമായി മുന്നോട്ട് പോകാനാണ് നീക്കം. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അതേസമയം, നഴ്സുമാർക്ക് മാത്രം അടിസ്ഥാന ശമ്പളം നടപ്പാക്കുന്നതിൽ എന്താണ് തടസ്സം, ജൂനിയർ നഴ്സുമാർക്ക് ന്യായമായ ശമ്പളം നൽകുന്നതിന് പകരം രോഗി പരിചരണത്തിൽ വേണ്ടത്ര പരിചയമോ രജിസ്ട്രേഷനോ പോലുമില്ലാത്ത നാലാം വർഷ വിദ്യാർഥികളെ കോവിഡ് ഡ്യൂട്ടിക്ക് അയക്കാനാണ് സർക്കാർ ശ്രമമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് ഇതുമൂലം രോഗം ബാധിക്കുകയോ അവരുടെ അവസാന വർഷ പരീക്ഷകൾ നഷ്ടമാകുകയോ ചെയ്താൽ അതിെൻറ പൂർണ ഉത്തരവാദിത്തം സർക്കാറിനായിരിക്കുമെന്നും സംസ്ഥാന സമിതി ഭാരവാഹികളായ പ്രസിഡൻറ് ബി.പി. അർജുനും സെക്രട്ടറി ഉജ്വൽ കൃഷ്ണനും ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.