മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡരികിലെ പള്ളിച്ചിറയിൽ സർക്കാർ സ്ഥലത്തെ കെട്ടിടം എറിഞ്ഞുതകർത്ത നിലയിൽ.
പള്ളിച്ചിറ ചിറക്ക് സമീപം 16 സെൻറിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിടമാണ് കഴിഞ്ഞദിവസം രാത്രി തകർത്തത്. പരിസ്ഥിതി ദിനത്തിൽ പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറി നേതൃത്വത്തിൽ നട്ട മാവിൻ തൈകളും പിഴുതെറിഞ്ഞു. സർക്കാർ ഭൂമിയും കെട്ടിടവും സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹിക വിരുദ്ധ പ്രവർത്തനമെന്ന ആരോപണം ഉയരുന്നുണ്ട്.
ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി കൈവശപ്പെടുത്താൻ സ്വകാര്യ വ്യക്തികൾ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. വിവിധ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടക്കാതെ പോയത്.
സർക്കാർ രേഖകളിൽ കെട്ടിടത്തിെൻറയും സ്ഥലത്തിെൻറയും അവകാശി പൊതുമരാമത്ത് വകുപ്പാണ്. സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിരുകൾ തിരിച്ച് മതിൽ കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറി ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പിനു പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
റവന്യൂ വകുപ്പിനും പരാതി നൽകിയെങ്കിലും നടപടിയില്ല. ഇതിനോട് ചേർന്ന് പായിപ്ര പഞ്ചായത്തിെൻറ ഒന്നരയേക്കറോളം സ്ഥലത്ത് പള്ളിച്ചിറങ്ങര ചിറയും സമീപം പള്ളിക്കാവ് ദേവീക്ഷേത്രവുമുണ്ട്.
പൊതുമരാമത്ത് വകുപ്പിനു കീഴിലോ സാംസ്കാരിക വകുപ്പിനു കീഴിലോ വിശ്രമകേന്ദ്രവും സാംസ്കാരിക കേന്ദ്രവും നിർമിച്ചാൽ ദീർഘദൂര യാത്രക്കാർക്ക് ഉൾെപ്പടെ പ്രയോജനപ്പെടും. കൈയേറ്റക്കാരിൽനിന്ന് സ്ഥലവും കെട്ടിടവും സംരക്ഷിക്കുകയും ചെയ്യാമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.