മൂവാറ്റുപുഴ: യാത്രക്കാരുടെ ലഭ്യതയനുസരിച്ച് ഒാടുന്ന കെ.എസ്.ആർ.ടി.സിയുടെ ബോണ്ട് സർവിസ് മൂവാറ്റുപുഴ ഡിപ്പോയിൽ വ്യാഴാഴ്ച ആരംഭിക്കും.
കാക്കനാട് സിവിൽ സ്റ്റേഷനിലേക്കും തിരിച്ചുമാണ് സർവിസ്. രാവിലെ എട്ടിന് ബസ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ ബോണ്ട് ബസ് ഫ്ലാഗ് ഓഫ് ചെയ്യും. നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ അധ്യക്ഷത വഹിക്കും.
ദിവസവും രാവിലെ 8.30ന് മൂവാറ്റുപുഴയിൽനിന്ന് പുറപ്പെടുന്ന ബസ് കോലഞ്ചേരി പുത്തൻകുരിശ്, കരിമുകൾ വഴി 9.45ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ എത്തും.
വൈകീട്ട് അഞ്ചിനാണ് മടക്കയാത്ര. 30 യാത്രക്കാരുണ്ടെങ്കിൽ സർവിസ് തുടരും. സ്ഥിരം യാത്രക്കാർക്കാണ് ബസിൽ പ്രവേശനം ഉണ്ടാകുക. അഞ്ചു ദിവസം മുതൽ ഒരു മാസം വരെ കാലാവധിയുള്ള ട്രാവൽ കാർഡുകൾ ലഭ്യമാണ്.
ബോണ്ട് യാത്രക്കാരുടെ ഇരുചക്രവാഹനങ്ങൾ സൗജന്യമായി ഡിപ്പോയിൽ െവക്കാൻ അനുവദിക്കും. യാത്രക്കാർക്ക് വാട്സ്ആപ് വഴി തൽസമയ ലൊക്കേഷൻ ലഭ്യമാക്കാവുന്നതാണ്. നിരവധി സ്ഥിരം യാത്രക്കാർ ഇതിനകം സീറ്റുകൾ ബുക്ക് ചെയ്ത് ട്രാവൽ കാർഡ് സ്വന്തമാക്കി.
ബോണ്ട് ബസ് യാത്രികർക്ക് യാത്രാനിരക്കിൽ 20 ശതമാനത്തോളം ഇളവും അനുവദിച്ചിട്ടുണ്ട്. ആദ്യത്തെ 100 പേർക്കാണ് ഇളവ്. ജില്ലയിലെ വിവിധ ഓഫിസുകളിലേക്ക് പലയിടങ്ങളിൽനിന്ന് സർവിസുകൾ ആവശ്യപ്പെട്ട് നിരവധി അനേഷണങ്ങളാണ് വരുന്നത്. യാത്രക്കാരുടെ ലഭ്യതയനുസരിച്ച് ബോണ്ട് സർവിസുകൾ ക്രമീകരിക്കാൻ കെ.എസ്.ആർ.ടി.സി ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.