മൂവാറ്റുപുഴ: രാമക്ഷേത്ര ശിലാസ്ഥാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ലഡു വിതരണം നടത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.
ബുധനാഴ്ച ഉച്ചക്ക് അയോധ്യയിൽ നടന്ന ശിലാന്യാസത്തിന് പിന്നാലെയാണ് സ്റ്റേഷനിൽ ചില പൊലീസുകാർ ലഡു വിതരണം നടത്തിയത്. സംഭവം വിവാദമായതോടെ പുറത്തുനിന്ന് ആരോ കൊണ്ടുവന്ന് നൽകിയതാണ് മധുരപലഹാരമെന്ന നിലപാടിലാണ് പൊലീസ്.
സംഭവം സംബന്ധിച്ച് അന്വേഷിച്ചുവരുകയാെണന്ന് ഡിവൈ.എസ്.പി മുഹമ്മദ് റിയാസ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖല കമ്മിറ്റി, നഗരസഭ പ്രതിപക്ഷ ഉപനേതാവ് സി.എം. ഷുക്കൂർ തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്.
'നിയമപാലകരിൽനിന്നുണ്ടാകുന്ന വർഗീയത ആശങ്കജനകം'
മൂവാറ്റുപുഴ: രാമക്ഷേത്ര ശിലാന്യാസവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ മധുരപലഹാരം വിതരണം ചെയ്ത് ആഹ്ലാദം പങ്കുവെച്ച സംഭവം നിയമപാലകരിൽ മുസ്ലിംകൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മൂവാറ്റുപുഴ മേഖല കമ്മിറ്റി.
പങ്കാളികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി, എസ്.പി എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചു.
മേഖല പ്രസിഡൻറ് നസീർ കാശിഫി, സെക്രട്ടറി ഹബീബ് റഷാദി, ട്രഷറർ ഫള്ലുദ്ദീൻ ഖാസിമി തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.