മൂവാറ്റുപുഴ: മോഷണക്കേസിൽ സംശയിച്ച് കസ്റ്റഡിയിലെടുത്തയാളെ പൊലീസ് ഉദ്യോഗസ്ഥെൻറ സാന്നിധ്യത്തിൽ പരാതിക്കാരൻ മർദിച്ചതായി പരാതി. വാരിയെല്ല് തകർന്ന ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. പരാതിക്കാരുടെ സ്വകാര്യകാറിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ മർദിച്ചെന്നാണ് പരാതി.
പോക്സോ കേസുകളിൽ ഉൾപ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയായ പള്ളിച്ചിറങ്ങര സ്വദേശിയെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച പള്ളിച്ചിറങ്ങരയിലെ വ്യാപാരിയുടെ വീട്ടിൽനിന്ന് മൂന്നര പവൻ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. മോഷണം നടത്തിയത് പള്ളിച്ചിറങ്ങര സ്വദേശിയാണെന്ന് മൊബൈൽ ഫോണിെൻറ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് ഉറപ്പിച്ചു. ഒളിവിൽ കഴിയുന്നിടത്തുനിന്ന് ഇയാളെ പൊലീസ് ഉദ്യോഗസ്ഥന് പിടികൂടിയെങ്കിലും സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ വാഹനം ഉണ്ടായിരുന്നില്ല. തുടർന്നാണ് പരാതിക്കാരോട് വാഹനം കൊണ്ടുവരാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.
ഇവർ കൊണ്ടുവന്ന കാറിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പരാതിക്കാർ പൊലീസ് ഉദ്യോഗസ്ഥെൻറ സാന്നിധ്യത്തിൽ മർദിച്ചെന്നും വാരിയെല്ലിന് പൊട്ടലുണ്ടായെന്നുമാണ് പരാതി.
കാറിൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും കേസെടുക്കാതെ വിട്ടയച്ചതിന് പിന്നാലെയാണ് ഇയാൾ ചികിത്സ തേടിയത്. രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥെൻറ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.