പറവൂർ: വടക്കേക്കരയിലെ തലമുതിർന്ന സി.പി.എം നേതാവ് ടി.കെ. ബാബു സി.പി.എമ്മിൽനിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേർന്നു. സി.പി.എമ്മിൽനിന്നുള്ള രാജി പ്രഖ്യാപിച്ചശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പാർട്ടിയുടെ അപചയങ്ങൾ ബാബു തുറന്നുപറഞ്ഞു. ഏരിയ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ യുവനേതാവ് കെ.എസ്. സനീഷിനെതിരെ രൂക്ഷവിമർശനം നടത്തി.
സത്യസന്ധതയും അർപ്പണബോധവും പഴങ്കഥകളായി. പാർട്ടിയെ വിമർശിക്കുന്നവരെ പിന്തുടർന്ന് ദ്രോഹിക്കുന്നത് സഹിക്കവയ്യാതെയാണ് പാർട്ടി വിടുന്നതെന്നും ബാബു പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവും കയർ, ചെത്ത് തൊഴിലാളി സംഘടന രംഗത്ത് സജീവവുമായിരുന്ന കൊട്ടുവള്ളിക്കാട് സ്വദേശിയായ ബാബുവിന് 1966 മുതൽ അംഗത്വമുണ്ട്. മറ്റൊരു ഏരിയ കമ്മിറ്റി അംഗത്തെ അനാവശ്യമായി വിമർശിച്ചത് ചോദ്യംചെയ്തതോടെയാണ് സനീഷ് തനിക്കെതിരെ തിരിഞ്ഞതെന്ന് ബാബു പറഞ്ഞു. നിരന്തര പ്രതികാരത്തോടെ പ്രവർത്തിക്കുന്നതിനെക്കുറിച്ച് മേൽഘടകങ്ങളിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.
പറവൂർ ഏരിയ കമ്മിറ്റിയിൽ ചേരിപ്പോര് രൂക്ഷമാണ്. വടക്കേക്കരയിൽ ലോക്കൽ കമ്മിറ്റിക്ക് സമാന്തരമായി ഏഴംഗ സംഘം ബദൽ കമ്മിറ്റിയായി പ്രവർത്തിക്കുന്നുണ്ട്. മുൻ പഞ്ചായത്ത് അംഗം കൂടിയായ ബാബു എൻ.കെ. മാധവനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. വാർത്തസമ്മേളനത്തിന് ശേഷം സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ ബാബുവിനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.