representative image

ദേശീയപാത നിർമാണം: സ്ഥലം ഏറ്റെടുക്കൽ ഏപ്രിൽ 10നകം പൂർത്തിയാക്കും

പറവൂർ: ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ദേശീയപാത66 നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ ഏപ്രിൽ 10നകം പൂർത്തിയാക്കുമെന്ന് കലക്ടർ ജാഫർ മാലിക്ക്. നന്ത്യാട്ടുകുന്നത്ത് പ്രവർത്തിച്ചിരുന്ന സ്ഥലം ഏറ്റെടുക്കൽ സ്പെഷൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസ് നളന്ദ സിറ്റി സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓണത്തിന് മുമ്പ് റോഡ് നിർമാണം ആരംഭിക്കാനാണ് സർക്കാർ തീരുമാനം. ഇവിടെ നിർമിക്കേണ്ട മേൽപാലങ്ങളുടെയും സർവിസ് റോഡുകളുടെയും രൂപരേഖ ദേശീയപാത അതോറിറ്റി തയാറാക്കിയിട്ടുണ്ട്. ഭൂമി വിട്ടുനൽകിയവരോട് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നടപടികൾ വൈകിപ്പിക്കരുത്. കൃത്യമായ രേഖകൾ നൽകിയവർക്ക് എത്രയുംവേഗം പണം നൽകണമെന്ന് കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എട്ട് വില്ലേജുകളിലായി ഏറ്റെടുക്കേണ്ട 31 ഹെക്ടറിൽ 10 ഹെക്ടർ ഏറ്റെടുത്തുകഴിഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതിന് ദേശീയപാത അതോറിറ്റി 1142 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 600 കോടിയുടെ അവാർഡ് ആയി. 400 കോടിയിലേറെ രൂപ കൈമാറിക്കഴിഞ്ഞു. ഡെപ്യൂട്ടി കലക്ടർ ഓഫിസിൽനിന്ന് ഭൂഉടമകൾക്ക് വിതരണം ചെയ്യുന്നതിന് അനുസരിച്ചാണ് ദേശീയപാത അതോറിറ്റി തുക ലഭ്യമാക്കുന്നത്. ഹൈകോടതിയിൽ കേസുണ്ടെങ്കിലും നടപടികൾ തുടരുന്നതിന് തടസ്സമില്ല. നിലവിലെ സാഹചര്യത്തിൽ അലൈൻമെന്റിൽ മാറ്റംവരാനുള്ള സാധ്യത കുറവാണ്.

ഭൂമിയേറ്റെടുക്കൽ പൂർത്തിയായാലും ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയമായി പറവൂരിൽ ഓഫിസ് പ്രവർത്തനംതുടരും. ജില്ലയിലെ മറ്റു മൂന്ന് റോഡുകളുടെ സ്ഥലമേറ്റെടുക്കൽ ചുമതലകൂടി ഈ ഓഫിസിനുണ്ടെന്ന് കലക്ടർ പറഞ്ഞു. 70 സർവേ നമ്പറുകളിലെ ഭൂമികളിൽ മാത്രമാണ് ചില പ്രശ്നങ്ങളുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇടപ്പള്ളി-കൊടുങ്ങല്ലൂർ റീച്ചിൽ റോഡ് നിർമാണത്തിന് കരാർ ഏറ്റെടുത്ത കമ്പനി നിർമാണ സാമഗ്രികൾ സൂക്ഷിക്കാൻ സ്ഥലം അന്വേഷിക്കുന്നുണ്ട്. ഡെപ്യൂട്ടി കലക്ടർമാരായ പി. ജയകുമാർ, സുനിലാൽ, തഹസിൽദാർമാരായ സരിത പ്രഭാകർ, വി. പത്മജ എന്നിവർ സംസാരിച്ചു.

Tags:    
News Summary - NH Construction: Land acquisition will be completed by April 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.