കൊച്ചി: കോവിഡ് വ്യാപനത്തിനിടെ കേരളത്തിലടക്കം ഇതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിൽപന കുത്തനെ കുറഞ്ഞു. സാംക്രമികരോഗങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വൻതോതിൽ വിറ്റഴിഞ്ഞിരുന്ന ഭൂരിഭാഗം മരുന്നുകൾക്കും ഇപ്പോൾ ആവശ്യക്കാരില്ല. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നാണ് പ്രധാനമായും വിറ്റഴിയുന്നത്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ വന്ന അച്ചടക്കവും ശുചിത്വബോധവുമാണ് സാംക്രമികരോഗങ്ങൾ കുറയാൻ കാരണമായതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
സംസ്ഥാനത്ത് പ്രതിവർഷം ഒമ്പതിനായിരം കോടിയുെട ഔഷധങ്ങളും മൂവായിരം കോടിയുടെ അനുബന്ധ ഉൽപന്നങ്ങളും വിൽക്കുന്നതായാണ് കണക്ക്. കോവിഡ് വ്യാപനം ജനങ്ങളിലുണ്ടാക്കിയ ആശങ്കയും ലോക്ഡൗൺ നിയന്ത്രണങ്ങളും സാധാരണ കണ്ടുവരുന്ന മാരകമല്ലാത്ത രോഗങ്ങൾക്ക് ചികിത്സതേടുകയും മരുന്ന് കഴിക്കുകയും ചെയ്യുന്ന പ്രവണത ഇല്ലാതാക്കി.
ഇത്തരം രോഗങ്ങൾക്കുള്ള മരുന്നിെൻറ വിൽപന സംസ്ഥാനത്ത് 40 ശതമാനത്തോളം കുറഞ്ഞതായി ഒൗഷധ വ്യാപാരികൾ പറയുന്നു. പനിയും ജലദോഷവും തലവേദനയുമടക്കം എന്തിനും ആവശ്യത്തിനും അനാവശ്യത്തിനും ഡോക്ടറെ കാണുകയും മരുന്ന് കഴിക്കുകയും ചെയ്യുന്ന മലയാളിയുടെ ശീലം കോവിഡ് വ്യാപനത്തോടെ ഇല്ലാതായതാണ് മരുന്ന് വിൽപന കുറയാൻ കാരണമായത്.പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കുറഞ്ഞത്, ആൾക്കൂട്ടങ്ങളും പൊതുപരിപാടികളും ഒഴിവായത്, മാസ്ക് ധാരണവും ഇടക്കിടെ കൈകഴുകുന്നതും ശീലമായത്, സമൂഹ അകലം ജീവിതത്തിെൻറ ഭാഗമായത് എന്നിവയൊക്കെയാണ് രോഗങ്ങൾ കുറയാൻ കാരണമായി പറയുന്നത്.
മരുന്നിന് വിലവർധനയോ ദൗർലഭ്യമോ ഇല്ലെങ്കിലും സാധാരണഗതിയിൽ പനിക്കും ജലദോഷത്തിനും ശ്വാസകോശരോഗങ്ങൾക്കും വ്യാപകമായി വിറ്റിരുന്ന മരുന്നുകൾക്ക് ഇപ്പോൾ ആവശ്യക്കാർ വളരെ കുറവാണ്. എന്നാൽ, രോഗവ്യാപനത്തോടെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളുടെ മറവിൽ കൊള്ളലാഭം കൊയ്യുന്ന പ്രവണത ഉടലെടുത്തേക്കാമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.