വൈപ്പിൻ: സംശുദ്ധ രാഷ്ട്രീയത്തിന്റെ സൗമ്യ മുഖമായിരുന്ന സി.എം. ദേവസി ഓർമയായിട്ട് ഇന്ന് 11 വർഷം. 2011 ജനുവരി 28നായിരുന്നു രാഷ്ട്രീയ നേതാവിന്റെ അകാലത്തിലുള്ള വേർപാട്. വൈപ്പിൻകരയുടെ വികസനം യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹം മുന്നിൽനിന്നു.
എറണാകുളം നഗരവും വൈപ്പിൻകരയുമായിരുന്നു ദേവസിയുടെ മുഖ്യപ്രവർത്തന കേന്ദ്രമെങ്കിലും ഡൽഹി മുതൽ തിരുവനന്തപുരം വരെ നീണ്ടതായിരുന്നു ദേവസിയുടെ സാന്നിധ്യം. അദ്ദേഹത്തിന്റെ സൗഹൃദവലയത്തിൽ കേന്ദ്രമന്ത്രിമാർ മുതൽ വൈപ്പിനിലെ മത്സ്യത്തൊഴിലാളികൾ വരെ ഉണ്ടായിരുന്നു.എൻ.സി.പി ജില്ല പ്രസിഡൻറായിരിക്കെ ആയിരുന്നു മരണം.
പാരലൽ കോളജ് വിദ്യാർഥികളുടെ കൂട്ടായ്മക്ക് രൂപംകൊടുത്തായിരുന്നു സംഘടന പ്രവർത്തനത്തിന്റെ തുടക്കം. പിന്നീട് നഗരത്തിലെ പൊതുപ്രവർത്തന രംഗത്ത് നിറസാന്നിധ്യമാവുകയായിരുന്നു. വൈപ്പിൻകര പാലത്തിനായുള്ള പോരാട്ടത്തിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. കുടിവെള്ള പ്രശ്നത്തിന് പരിഹാരംതേടി ഹൈകോടതിയെ സമീപിച്ചപ്പോൾ അത് നിയമചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർക്കുകയായിരുന്നു.
എറണാകുളം നഗരത്തിൽ നടന്ന കുടിവെള്ള സമരം കലാപമായി മാറാതിരുന്നതിനുപിന്നിലും ദേവസിയുടെ ശക്തമായ ഇടപെടൽ ഉണ്ടായി. മദ്യദുരന്തം, സൂനാമി തുടങ്ങിയവ വൈപ്പിൻകര വിറച്ചപ്പോൾ സഹായവുമായി അദ്ദേഹം ഓടിനടന്നു. സി.എം. ദേവസി ചാരിറ്റബിൾ വെൽഫെയർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അർഹമായത് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ കെ.ജെ. പീറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.