വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി പുരോഗമിക്കുന്നു. തിങ്കളാഴ്ച കണ്ണൂരിൽനിന്ന് വിദഗ്ധ സംഘമെത്തി അയ്യമ്പിള്ളിയിൽ വെള്ളത്തിനടിയിലൂടെ കടന്നുപോകുന്ന പൈപ്പിൽ രൂപപ്പെട്ടിരുന്ന വിള്ളൽ വൈകീട്ടോടെ പരിഹരിച്ചു.
തുടർന്ന് ഇല്ലത്തുപടിയിലെ വാൽവും തുറന്നു. ഇതോടെ ജലവിതരണം സാധാരണ നിലയിലാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ സമരങ്ങൾക്കുശേഷം ജല അതോറിറ്റി അധികൃതരുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് രാവിലെയോടെ പണികൾ ആരംഭിച്ചത്.
എന്നാൽ, ആഴ്ചകളായി കുടിവെള്ളം മുടങ്ങിയ പ്രദേശത്ത് ജലവിതരണം സാധാരണ നിലയിലാകാൻ അൽപംകൂടി സമയമെടുക്കുമെന്നാണ് കരുതുന്നത്. രണ്ടാഴ്ചയായി എടവനക്കാട് തീരമേഖലയിൽ കുടിവെള്ളം എത്താത്തതിനെ തുടർന്ന് ജനങ്ങൾ പ്രതിഷേധത്തിലായിരുന്നു. ഇതിന്റെ തുടർച്ചയായി തിങ്കളാഴ്ച രാവിലെ 11ന് പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്ന് എടവനക്കാട് ഇല്ലത്തുപടിയിൽ നാലര മണിക്കൂറോളം സംസ്ഥാന പാത ഉപരോധിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ വീട്ടമ്മമാരുൾപ്പെടെ നൂറോളം പേരാണ് വൈകീട്ട് മൂന്നുവരെ നടുറോഡിൽ കുത്തിയിരുന്നത്. ഇതോടെ ഈ ഭാഗത്ത് ഗതാഗതം പൂർണമായും നിലച്ചു. തുടർന്ന് ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറും കൊച്ചി തഹസിൽദാറും സ്ഥലത്തെത്തി ചർച്ച നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.