വൈപ്പിൻ: ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് കാക്കിട്ടിരിമല മാമ്പുള്ളി ഞാലിൽ വീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് (55) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവൈപ്പ് സ്വദേശിയായ യുവാവിൽ നിന്ന് 10 ലക്ഷത്തിലേറെ രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഓൺലൈനായി ഗൂഗിൾ പ്രമോഷൻ ചെയ്യാൻ താല്പര്യമുണ്ടോ എന്ന മെസ്സേജും, ലിങ്കും അയച്ചു കൊടുക്കുകയാണ് ആദ്യം ഇയാൾ ചെയ്തത്. തുടർന്ന് ഗൂഗിൾ പ്രമോഷൻ നടത്തിച്ചു.
അതിന് ചെറിയ തുക പ്രതിഫലവും നൽകി. പിന്നീട് കൂടുതൽ വരുമാനത്തിന് എന്ന വ്യാജേന പെയ്ഡ് ടാസ്കുകൾ നൽകി. അതിനായി പണവും വാങ്ങി. ടാസ്കുകൾ പൂർത്തീകരിച്ചില്ലെന്നും സിബിൽ സ്കോർ കുറഞ്ഞുപോയെന്നും പറഞ്ഞ് വീണ്ടും പൈസ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതിൽ സംശയം തോന്നിയ യുവാവ് പൊലീസിനെ സമീപിച്ചു. കേസിൽ അന്വേഷണം നടത്തിയ ഞാറക്കൽ പോലീസ് മലപ്പുറം എറവക്കാട് ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. മുനമ്പം ഡി.വൈ.എസ്.പി എൻ.എസ്. സലീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്പെക്ടർ അഖിൽ വിജയകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രീജൻ, അനൂപ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.