വൈപ്പിൻ: ആനപ്രേമികളുടെ പ്രിയങ്കരനായ എടവനക്കാട് പഴങ്ങാട് കിഴക്ക് ചെറായി പരമേശ്വരൻ (52) ചെരിഞ്ഞു. മദപ്പാട് കഴിഞ്ഞ് കാലിൽ നീരായിട്ട് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷം മലയാറ്റൂർ വനത്തിൽ സംസ്കരിക്കും.
ഒന്നര പതിറ്റാണ്ടിലേറെയായി ചെറായി സ്വദേശി മാരാമറ്റത്ത് ബാലചന്ദ്രമേനോന്റെ ഉടമസ്ഥതയിലായിരുന്നു ആന. മദപ്പാട് കണ്ടതിനെതുടർന്ന് എടവനക്കാട് പഴങ്ങാട് കിഴക്കു ഭാഗത്തുള്ള തറിയിൽ തളച്ചിരിക്കുകയായിരുന്നു. ഈ മാസം അവസാനം അഴിക്കാനിരിക്കെയാണ് അന്ത്യം. രണ്ടു പാപ്പാന്മാരുടെ സംരക്ഷണയിലായിരുന്നു ആന. പുതുപ്പള്ളി ഗ്രൂപ്പിൽനിന്ന് വർഷങ്ങൾക്കു മുമ്പ് ചെറായി മാരാമിറ്റത്ത് ബാലചന്ദ്രമേനോൻ ആനയെ വാങ്ങിയത്.
തലയെടുപ്പിൽ മുന്നിലാണ് പരമേശ്വരൻ. സൗന്ദര്യവും തലയെടുപ്പും കൊമ്പുമായിരുന്നു പരമേശ്വരനെ മറ്റുള്ള ആനകളിൽനിന്ന് വേറിട്ട് നിർത്തിയത്. ഇണക്കവും സൗമ്യതയുമുള്ള പരമേശ്വരൻ ഏവർക്കും പ്രിയങ്കരനായിരുന്നു. നിരവധി ആനപ്രേമികളാണ് പരമേശ്വരനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.