വൈപ്പിന്‍: വൈപ്പിനില്‍ നിന്നുള്ള സ്വകാര്യ ബസുകള്‍ക്ക് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വിസ് നീട്ടി നല്‍കണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എം.പി നടത്തുന്ന ഏകദിന ഉപവാസം ഗോശ്രീ കവലയില്‍ ആരംഭിച്ചു.
കെ. മുരളീധരന്‍ എം.പി സമരം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, കോൺഗ്രസ് നേതാക്കളായ കെ.പി. ധനപാലന്‍, ബി.എ. അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്, എന്‍. വേണുഗോപാല്‍, ടോണി ചമ്മണി, എം.ജെ. ടോമി, വി.എസ്. സോളിരാജ്, മുനമ്പം സന്തോഷ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ വി.കെ. ഇക്ബാല്‍, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ട്രീസ മാനുവല്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ രസികല പ്രിയരാജ്, നീതു ബിനോദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ.ജി. ഡോണോ, അസീന അബ്ദുൽ സലാം തുടങ്ങിയവർ സംബന്ധിച്ചു.
എറണാകുളം പാര്‍ലമെൻറ് മണ്ഡലത്തിലെ ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. ബുധനാഴ്ച രാവിലെ 10ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.
സർക്കാർ ഉത്തരവാദിത്തങ്ങളിൽനിന്ന് പിന്നോട്ട് പോകുന്ന പ്രവണത ശരിയല്ലെന്ന് ശശി തരൂർ എം.പി. വൈപ്പിൻ ബസുകളുടെ നഗരപ്രവേശനം ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക തടസ്സം ഒഴിവാക്കി വൈപ്പിനില്‍ നിന്നുള്ള ബസുകള്‍ക്ക് എറണാകുളം നഗരത്തില്‍ പ്രവേശനം അനുവദിക്കുന്നതിന് പിന്നില്‍ സര്‍ക്കാറിനുള്ള തടസ്സം എന്തെന്ന് മനസ്സിലാകുന്നില്ല. സര്‍ക്കാറിനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. -ശശി തരൂര്‍ പറഞ്ഞു.
വൈപ്പിന്‍: റോഡും പാലവും ഉണ്ടായിട്ടും വൈപ്പിന്‍ ദ്വീപ് നിവാസികള്‍ക്ക് നഗരത്തില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് ദേശീയതലത്തില്‍ പോലും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് കെ. മുരളീധരന്‍ എം.പി പറഞ്ഞു. അതും സംസ്ഥാനത്ത് ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ ഉള്ളപ്പോള്‍ എന്നത് ഗൗരവത്തില്‍ കാണണം. പണക്കാരോട്, കോർപറേറ്റുകളോട്, വര്‍ഗീയതയോട് ഒക്കെ ധാരണയിലെത്തുന്ന സര്‍ക്കാരാണ് കേരളത്തിലേത്.
ദ്വീപ് നിവാസികള്‍ക്ക് ഹൈകോടതി കവലയില്‍ ബസ് മാറി കയറാതെ നഗരത്തില്‍ യാത്ര ചെയ്യാന്‍ സാഹചര്യമൊരുക്കാത്തവരാണ് സില്‍വര്‍ ലൈനിനെ കുറിച്ച് സംസാരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേത് പോലെ ജനങ്ങളുടെ മൗലിക അവകാശങ്ങൾ നിഷേധിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല. ഇതൊരു വെജിറ്റേറിയൻ സമരം ആണെന്ന് കരുതി എന്നും വെജിറ്റേറിയൻ ആയിരിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.