വൈപ്പിൻ: ജില്ലയിൽ ഇതര സംസ്ഥാന യാനങ്ങളുടെ മത്സ്യ ബന്ധനം നിരോധിച്ചിട്ടും മുനമ്പം മേഖലയിൽ വ്യാപകമായി അനധികൃത മത്സ്യബന്ധനം തുടരുന്നു. ജില്ലയിലെ മത്സ്യ ബന്ധന ഹാർബറുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് ടി.പി.ആർ കുറക്കുന്നതിെൻറ ഭാഗമായാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിരോധനം ഏർപ്പെടുത്തിയത്.
എന്നാൽ, അതിന് തൊട്ടുപിന്നാലെ മറ്റുള്ള സ്ഥലങ്ങളിൽനിന്നും തമിഴ്നാട് രജിസ്ട്രേഷൻ വള്ളങ്ങൾ മുനമ്പം ഭാഗത്ത് എത്തിച്ചേരുകയും നിരോധിത വലകളും തെങ്ങിെൻറ പൊലിഞ്ഞിൽ ഉപയോഗിച്ച് കൃത്രിമ ആവാസ വ്യവസ്ഥ ഉണ്ടാക്കിയും മത്സ്യബന്ധനം നടത്തുകയാണ്. മുട്ടയിടാൻ വരുന്ന മീനുകളെയും കണവ, കൂന്തൽ പോലുള്ള കയറ്റിയയക്കുന്ന മീനുകളെയുമാണ് ഇത്തരത്തിൽ അശാസ്ത്രീയമായി പിടിക്കുന്നത്. ഇത് ട്രോളിങ് നിരോധനം കഴിഞ്ഞുള്ള മീൻപിടിത്തത്തെ ഗുരുതരമായി ബാധിക്കുമെന്നും മുനമ്പത്തെ കോവിഡ് വ്യാപനം ഉയരാനും കാരണമാകുമെന്നും ആക്ഷേപമുണ്ട്.
ഉത്തരവ് ലംഘിച്ച് മത്സ്യബന്ധനം നടത്തിയാൽ പിടികൂടി വൻപിഴ ഈടാക്കുമെന്നും ചുമതലക്കാർക്കും തരകന്മാർക്കുമെതിരെയും നടപടി എടുക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഇറക്കിയ സർക്കുലറിൽ പറയുന്നു. എന്നാൽ, ഇതിനെതിരെ ഫിഷറീസ്- ഹെൽത്ത് വിഭാഗമോ കോസ്റ്റൽ -മുനമ്പം പൊലീസോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊഴിലാളികളുടെ കോവിഡ്മുക്ത സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും ഹാജരാക്കിയാേല അനുമതി നൽകൂ എന്നിരിക്കെ മാസ്ക് പോലും ധരിക്കാതെയാണ് മുനമ്പം മേഖലയിലെ സ്വകാര്യ കടവിൽ അടക്കം ഒരുവിധ നിയന്ത്രണവും ഇല്ലാതെ മത്സ്യബന്ധനം നടക്കുന്നത്.
മൺസൂൺകാല ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വന്നതോടെ കുളച്ചൽ, പൊഴിയൂർ മേഖലകളിൽനിന്ന് നൂറുകണക്കിന് വള്ളങ്ങളാണ് ലോറിയിൽ കൊച്ചിയിൽ എത്തിച്ചത്. ചെല്ലാനം, കാളമുക്ക്, കമാലക്കടവ്, മുനമ്പം എന്നിവിടങ്ങളിലെ ഫിഷ് ലാൻഡിങ് സെൻററുകൾ കേന്ദ്രീകരിച്ചാണിവ മത്സ്യവിൽപന നടത്തിയിരുന്നത്.
തമിഴ്നാട് രജിസ്ട്രേഷൻ വള്ളങ്ങൾ കേരളത്തിലെത്തിയാൽ ഫിഷറീസ് വകുപ്പിൽനിന്നും പെർമിറ്റ് എടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, അതും ലംഘിക്കപ്പെടുകയാണെന്ന് പരമ്പരാഗത മത്സ്യബന്ധന വള്ളക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.