വൈപ്പിന്‍: രണ്ട് മാസം മുമ്പ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുറന്നുകൊടുത്ത കുഴുപ്പിള്ളി ഫ്ലോട്ടിങ് ബ്രിഡ്ജ് വിജയത്തിലേക്ക്. ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി ഇതുവരെ 35000 സഞ്ചാരികളാണ് ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജില്‍ കയറാനെത്തിയത്.
42 ലക്ഷം രൂപയാണ് വരുമാന ഇനത്തില്‍ ഇതുവരെ ലഭിച്ചത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി, കുഴുപ്പിള്ളി പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലാണ് ബ്രിഡ്ജ് യാഥാർഥ്യമാക്കിയത്.
100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പാലം ഉന്നത നിലവാരത്തിലുള്ള പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. തിരമാലയുടെ ഓളത്തിനൊപ്പം നമുക്കും നടക്കുവാന്‍ സാധിക്കും എന്നതാണ് ബ്രിഡ്ജിന്റെ പ്രധാന ആകര്‍ഷണം. ഒരേസമയം 50 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ കഴിയുന്ന പാലത്തില്‍ ഒരാള്‍ക്ക് 120 രൂപയാണ് പ്രവേശന ഫീസ്.
ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയ പാലത്തില്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ഇല്ല. വിനോദസഞ്ചാരികളുടെ സുരക്ഷക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡ്മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഒരു കോടി 30 ലക്ഷം രൂപയാണ് നിർമാണ ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.