വൈപ്പിൻ: മുനമ്പം-അഴീക്കോട് പാലം നിർമാണത്തിന്റെ ഭാഗമായി കായലിൽ പൈലിങ് പുരോഗമിക്കുന്നു. 196 പൈലിങ്ങാണ് ആകെ വേണ്ടത്. ഇതിൽ 120 എണ്ണം പൂർത്തിയാക്കി. മുനമ്പം ജെട്ടിയിൽനിന്നുള്ള പൈലിങ്ങാണ് ഇപ്പോൾ നടക്കുന്നത്. അപ്രോച്ച് റോഡിനായി മുനമ്പത്ത് സർക്കാർ ഏറ്റെടുത്ത കെട്ടിടങ്ങൾ ഉടൻ പൊളിച്ചുനീക്കും.
പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ രണ്ടുതവണ ചർച്ചകൾ കഴിഞ്ഞു. എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുമ്പോൾ സംസ്ഥാനത്തെതന്നെ ഏറ്റവും ഉയരമുള്ള വലിയ പാലങ്ങളിലൊന്നാകും ഇത്. ഇതോടെ നിലവിലെ റോഡിൽ തിരക്ക് വർധിച്ചേക്കും. അതിന് പരിഹാരമായി കായലോര റോഡോ തീരദേശ റോഡോ യാഥാർഥ്യമാകണം. പാലത്തിന്റെ വശങ്ങളിലെ ഉയരം എട്ടേകാൽ മീറ്ററാണ്.
മത്സ്യബന്ധന യാനങ്ങൾക്ക് നിയമാനുസൃതം നിശ്ചയിച്ച ഉയരം കണക്കിലെടുത്താൽ യാത്രാതടസ്സം ഉണ്ടാകില്ല. എറണാകുളം, തൃശൂർ ജില്ലകളുടെ വികസനത്തിനും പ്രദേശവാസികളുടെ യാത്ര സുഗമമാക്കാനും ഉതകുന്ന പാലം കിഫ്ബിയുടെ സാമ്പത്തിക പിന്തുണയിൽ 143.28 കോടിയാണ് നിർമാണച്ചെലവ്. മധ്യഭാഗത്ത് ഓരോ വർഷവും ഡ്രഡ്ജിങ് നടത്തുന്നതിന് നാലുകോടി രൂപ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പാലം യാഥാർഥ്യമാകുന്നതോടെ മുനമ്പം ഫിഷിങ് മേഖല, ബീച്ച് ടൂറിസം മേഖല എന്നിവയിൽ വികസനക്കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. വൈപ്പിൻ മണ്ഡലത്തിലെ മുനമ്പത്തെയും കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോടിനെയും ബന്ധിപ്പിച്ച് തീരദേശ ഹൈവേ മാനദണ്ഡങ്ങൾക്കനുസൃതം നിർമിക്കുന്ന പാലത്തിന് 868.7 മീ. നീളമുണ്ടാകും.
നടപ്പാതയും സൈക്കിൾ ട്രാക്കും പാലത്തിന്റെ ഭാഗമാണ്. മൂന്നുവർഷംകൊണ്ട് പാലം പൂർത്തിയാക്കാനാണ് ലക്ഷ്യം. രണ്ട് തീരദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് 2011ൽ തറക്കല്ലിട്ടെങ്കിലും സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇഴഞ്ഞുനീങ്ങി. പദ്ധതിക്ക് 2017-18 വർഷത്തിൽ കിഫ്ബി ഭരണാനുമതി നൽകിയതോടെയാണ് ജീവൻ വെച്ചത്.
സമയബന്ധിതമായി നിർമാണം പൂർത്തീകരിച്ച് 2025ഓടെ പാലം യാഥാർഥ്യമാകുമെന്ന് കൈപ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.