വൈപ്പിൻ: കടൽ ശാന്തമായിരുന്നിട്ടും കാലാവസ്ഥ അനുകൂലമായിട്ടും വള്ളം അപകടത്തിൽപെടാനും രക്ഷാപ്രവർത്തനം വൈകാനും കാരണമായത് വള്ളത്തിൽ നിറയെ ചരക്കുണ്ടായതും പതിവ് സഞ്ചാരപാത മാറി സഞ്ചരിച്ചതുമെന്ന് നിഗമനം. സാധാരണഗതിയിൽ ആഴക്കടലിൽനിന്ന് ബോട്ടുകളും വള്ളങ്ങളും മെയിൻ ഹാർബർ ദിശകളിലേക്കാണ് സഞ്ചരിക്കാറ്. എന്നാൽ, ഇവർ ചെറു ഹാർബർ ലക്ഷ്യമാക്കി സാധാരണ സഞ്ചാരപാതയിൽനിന്ന് മാറി സഞ്ചരിച്ചതാണ് അപകടം പുറംലോകം അറിയാൻ വൈകിയതിന് കാരണം.
കൊച്ചി ലക്ഷ്യമാക്കി സഞ്ചരിച്ച ബോട്ട് അതിലൂടെ കടന്നുപോയതിനുപിന്നാലെയാണ് അപകട വിവരം പുറത്തറിയുന്നത്. കടലിൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന ‘സമൃദ്ധി’ എന്ന ഇൻബോർഡ് വള്ളത്തിൽനിന്ന് നിറയെ ചാളയുമായി വരുമ്പോഴായിരുന്നു ഫൈബർ വള്ളം അപകടത്തിൽപെട്ടത്. കടലിൽ എത്തി വൻ വള്ളങ്ങളിൽനിന്നും മത്സ്യം എടുത്ത് ഹാർബറിൽ എത്തിച്ച് വിൽപന നടത്തുന്നവരാണ് ചാപ്പ കടപ്പുറത്തുകാരായ അഞ്ചംഗസംഘം.
നിശ്ചിത തുകക്ക് പ്രതിഫലം പറഞ്ഞുറപ്പിച്ചശേഷം മത്സ്യം കയറ്റിയ ഇവർക്കൊപ്പം ഇൻബോർഡ് വള്ളത്തിൽനിന്ന് ചെറുവള്ളത്തിൽ കയറി കരയിലേക്ക് വന്നവരാണ് ആലപ്പുഴ പള്ളിത്തോട് സ്വദേശികളായ രാജുവും ആനന്ദനും. അപകടത്തിൽ ആനന്ദൻ രക്ഷപ്പെട്ടെങ്കിലും സുഹൃത്ത് രാജുവിനെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.