വൈപ്പിൻ: എൻജിൻ തകരാറുമൂലം രണ്ടാമത്തെ റോ റോയും സർവിസ് നിർത്തി. വൈപ്പിൻ റോ റോ സർവിസ് പൂർണമായും നിലച്ചതോടെ യാത്രക്ലേശം രൂക്ഷം. കഴിഞ്ഞ 14ന് രാവിലെ മുതൽ സേതുസാഗർ -1 കണ്ട്രോള് സിസ്റ്റം തകരാറിലായതോടെ സർവിസ് നിർത്തി വെച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതലാണ് സേതുസാഗർ -2 റോ റോയും സർവിസ് നിർത്തിയത്.എൻജിൻ തകരാറാണ് കാരണമെന്നാണ് കെ.എസ്.ഐ.എൻ.സി അറിയിച്ചത്. ഇൻഷുറൻസ് പുതുക്കി ഫോർട്ട് ക്വീൻ ബോട്ട് വ്യാഴാഴ്ച സർവിസ് ആരംഭിച്ചു. റോ റോ ജങ്കാര്‍ സർവിസ് പൂർണമായും നിലച്ചാൽ വാഹനങ്ങൾക്ക് എറണാകുളം നഗരം വഴി ചുറ്റിക്കറങ്ങേണ്ടിവരും. ഇത് വലിയ സമയ നഷ്ടമുണ്ടാക്കും. ആലപ്പുഴ, തൃശൂർ ജില്ലകളെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന സമാന്തര സഞ്ചാര മാർഗമാണ് ഫെറി.
ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും എറണാകുളം നഗരത്തെ തൊടാതെ സമീപ ജില്ലകളിൽ വേഗത്തിൽ എത്താൻ സാധിക്കുമെന്നതിനാൽ ഫെറിയിൽ യാത്രക്കാരുടെ വൻ വർധനയാണ് ഉണ്ടായത്. 2018 ഏപ്രിലിലാണ് റോ റോ ജങ്കാർ ഓടിത്തുടങ്ങിയത്.
അന്ന് മുതൽ മൂന്നാമതൊരെണ്ണം കൂടി വേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. ജങ്കാര്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടി അനുവദിച്ചിട്ടും തുടര്‍നടപടി സ്വീകരിക്കാത്ത കൊച്ചിന് കോര്‍പറേഷനെതിരെയും പ്രതിഷേധം വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.