വൈപ്പിൻ: നാടിന്റെ യാത്ര ദുരിതം വിവരിച്ച് മുഖ്യന്ത്രി പിണറായ് വിജയന് തുറന്ന കത്തെഴുതി നടി അന്ന ബെന്‍. വൈപ്പിന്‍കരയുടെ ചിരകാല സ്വപ്നമായിരുന്ന ഗോശ്രീ പാലം യാഥാർഥ്യമായി 18 വർഷം പിന്നിട്ടിട്ടും വൈപ്പിൻകരക്കാരെ ഇന്നും നഗരത്തിന്റെ പടിവാതില്‍ക്കല്‍ നിർത്തിയിരിക്കുകയാണെന്ന് കത്തിൽ പറയുന്നു.
നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസില്‍ നേരിട്ടെത്താവുന്ന അവസ്ഥയല്ല ജനങ്ങള്‍ക്കുള്ളത്. ഹൈകോടതി കവലയിൽ ബസിറങ്ങി അടുത്ത ബസ്സ്റ്റോപ്പിലേക്ക് നടന്ന് മറ്റൊരു ബസിൽ കയറി വേണം നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ. സെന്‍റ് തെരേസാസില്‍ പഠിക്കുന്ന കാലത്ത് താനും ഈ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്നു. ലക്ഷ്യസ്ഥാനത്തേക്കെത്തുന്നതിന് വേണ്ടി വരുന്ന അധിക ചെലവ് നഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പുകളിലും, മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ ആയിരക്കണക്കിന് സ്ത്രീകൾക്ക് താങ്ങാവുന്നതിലും അധികമാണ്. ഉറച്ച തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള മുഖ്യമന്ത്രി നിയമത്തിന്റെ നൂലാമാലകള്‍ നിഷ്പ്രയാസം മറികടക്കുമെന്നും വൈപ്പിന്‍ ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്‍റെ മകളാണ് അന്ന ബെൻ. ഇവർ ഇപ്പോഴും താമസിക്കുന്നത് നായരമ്പലത്താണ്. ഗോശ്രീ ബസുകളുടെ നഗര പ്രവേശനം സംബന്ധിച്ച് നിരവധി സമരങ്ങൾ വൈപ്പിനിൽ അരങ്ങേറിയിട്ടുണ്ട്. ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻസ് അപ്പെക്സ് കൗൺസിൽ ഇൻ ഗോശ്രീ ഐലൻഡ് ( ഫ്രാഗ്), ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി തുടങ്ങിയവർ ഇപ്പോഴും സമരത്തിലാണ്.
തേവര ഫെറി, തൃപ്പൂണിത്തുറ, നോർത്ത് പാലം വഴി കാക്കനാട്, കളമശ്ശേരി, ചിറ്റൂർ വഴി ചേരാനല്ലൂർ തുടങ്ങി അഞ്ചിടങ്ങളിലേക്ക് ബസ് സർവിസ് നീട്ടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.