അരിപ്പ പുറമ്പോക്ക് നിവാസികളുടെ പട്ടയ സ്വപ്നം യാഥാർഥ്യമാകുന്നു

കുളത്തൂപ്പുഴ: താമസഭൂമിക്ക് പട്ടയമെന്ന അരിപ്പ പുറമ്പോക്ക് നിവാസികളുടെ കാലങ്ങളായുള്ള സ്വപ്നം യാഥാർഥ്യമാകുന്നു. തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാന പാതയോരത്ത് അരിപ്പയിൽ ഏറെ വർഷങ്ങളായി റോഡ് പുറമ്പോക്കിൽ താമസിക്കുന്ന 33 കുടുംബങ്ങൾക്കാണ് താമസ ഭൂമിക്ക് രേഖകളില്ലാതിരുന്നത്. കൈവശ ഭൂമിക്ക് പട്ടയമാവശ്യപ്പെട്ട് വിവിധ സർക്കാറുകൾക്ക് മുന്നിൽ നിവേദനങ്ങളും പരാതികളും സമർപ്പി​െച്ചങ്കിലും വിവിധ കാരണങ്ങളാൽ നടപടികൾ അനന്തമായി നീളുകയായിരുന്നു. മുൻ സർക്കാറിന്‍റെ കാലത്ത് റവന്യൂവകുപ്പ് നടപടി ആരംഭി​െച്ചങ്കിലും റോഡ് വികസനം വരുമ്പോൾ ബുദ്ധിമുട്ടാകും എന്ന തടസ്സവാദവുമായി പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തിയതോടെ വീണ്ടും നീളുകയായിരുന്നു. ജനപ്രതിനിധികളുടെ നിരന്തര ഇടപെടലിനെ തുടർന്ന് മാസങ്ങൾക്ക് ശേഷം ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച്​ സ്ഥിതിഗതികൾ വിലയിരുത്തി പട്ടയവിതരണത്തിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് നടപടികൾക്ക് വേഗം കൈവന്നത്. മേയ് 31ന് പുനലൂരിൽ നടക്കുന്ന പട്ടയമേളയിൽ അരിപ്പക്കാർക്കും പട്ടയം ലഭിക്കുമെന്നറിഞ്ഞതോടെ പ്രദേശവാസികൾ ഒന്നടങ്കം ആവേശത്തിലാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.