വിവാഹത്തലേന്ന് തന്നെ കാറിനെ കുറിച്ച് പരാതി

കാറിന്‍റെ പേരിലാണ് വിസ്മയ കൂടുതൽ പീഡനമേറ്റുവാങ്ങിയത് കൊല്ലം: വിവാഹത്തലേന്ന് തന്നെ കാറിനെ കുറിച്ചുള്ള അനിഷ്ടം കിരൺകുമാർ വിസ്മയയോട് സൂചിപ്പിച്ചിരുന്നു. താൻ പറഞ്ഞ കാറല്ല വാങ്ങിയതെന്നായിരുന്നു പരാതി. മാട്രിമോണിയൽ വഴിയായിരുന്നു വിവാഹാലോചന. ഉറപ്പിക്കുന്ന സമയത്ത് 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്ന് സമ്മതിച്ചു. കോവിഡ് കാരണം 80 പവൻ മാത്രമേ നൽകാൻ കഴിഞ്ഞുള്ളൂവെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ കോടതിയിൽ മൊഴി നൽകിയിരുന്നു. വിവാഹത്തലേന്ന് വീട്ടിലെത്തിയ കിരണിന് വാങ്ങിയ കാർ ഇഷ്ടപ്പെട്ടില്ലെന്ന് മകൾ പറഞ്ഞതോടെ വിവാഹ ദിവസം തന്നെ വേറെ കാർ വാങ്ങിനൽകാമെന്ന്​ പറഞ്ഞിരുന്നെന്നും പിതാവ് മൊഴി നൽകിയിരുന്നു. കാറിന്‍റെ പേരിലാണ് വിസ്മയ കൂടുതൽ പീഡനം ഏറ്റുവാങ്ങിയത്. ലോക്കറിൽ വെക്കാൻ സ്വർണം തൂക്കിനോക്കുമ്പോൾ കുറവുണ്ടെന്ന് മനസ്സിലാക്കിയതോടെ അതിന്‍റെ പേരിലും കിരൺ ഉപദ്രവം തുടങ്ങി. സ്ത്രീധനത്തിന്‍റെ കാര്യത്തിൽ മകൾക്ക് ഉപദ്രവമുണ്ടായപ്പോൾ കേസ് നൽകാനിരുന്ന പിതാവ് കിരണിന്‍റെ സഹപ്രവർത്തകരുടെ ഇടപെടലിലാണ് പിന്മാറിയത്. വീണ്ടും പ്രശ്നം രൂക്ഷമായപ്പോൾ വിവാഹബന്ധം ഒഴിയുന്നതിനായി സമുദായ സംഘടനകളിലെ ഉത്തരവാദിത്തപ്പെട്ടവരോട് പറഞ്ഞിരുന്നു. വിഷയം ചർച്ച ചെയ്യാനിരിക്കെ, ഇനി പ്രശ്നമുണ്ടാകില്ലെന്ന് ബോധിപ്പിച്ച് കിരൺ വിസ്മയയെ കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം വീട്ടിലുള്ള ആരുമായും ബന്ധപ്പെടാൻ വിസ്മയയെ അനുവദിച്ചിരുന്നില്ല. എല്ലാം ഉള്ളിലൊതുക്കി കഴിയേണ്ടിവന്ന അവസ്ഥയിലാണ് ഭർതൃഗൃഹത്തിൽ വിസ്മയയുടെ ജീവൻ നഷ്ടമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.