വലിയറ-ചാമുണ്ഡിമൂലചിറ റോഡ് സഞ്ചാരയോഗ്യമാക്കണം; സമരവുമായി നാട്ടുകാർ

കുണ്ടറ: വലിയറ-ചാമുണ്ഡിമൂലചിറ റോഡ് സഞ്ചാരയോഗ്യമാക്കമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിലേക്ക്. സമരത്തിന്‍റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് ആറിന് വലിയറ ചാമുണ്ഡിമൂലചിറയില്‍ പ്രക്ഷോഭ സമര സമിതി യോഗം ചേരും. ഈ റോഡ് സഞ്ചാര​േയാഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വാര്‍ഡംഗം മുഖേന അപേക്ഷ നല്‍കിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. 2012ല്‍ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കവേ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലാണ് അന്നത്തെ വാര്‍ഡംഗം ജി. അനില്‍കുമാര്‍ റോഡിനായി നിവേദനം നല്‍കിയത്. തുടര്‍ന്ന് ഫിഷറീസ് വകുപ്പ് ഇതിനായി ഒരു കിലോമീറ്റര്‍ നീളം വരുന്ന റോഡിന്‍റെ നിർമാണത്തിനായി 44.70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ തുക മതിയാകില്ലെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അറിയിച്ചതിനാല്‍ പിന്നീട് അധികമായി 21 ലക്ഷം കൂടി ചേര്‍ത്ത് എസ്റ്റിമേറ്റ് പുതുക്കി. എന്നാല്‍, രണ്ടാമത് അധികമായി ആവശ്യപ്പെട്ട 21 ലക്ഷം രൂപ അനുവദിച്ച് കിട്ടിയില്ല. ഈ റോഡിനോട് ചേര്‍ന്ന പാറ്റൂര്‍കോണം കോളനിയില്‍ പള്ളിയാറ മണപ്പുറം റോഡും, വലിയറ-ചാമുണ്ഡിമൂലചിറ റോഡുമായി ബന്ധിപ്പിക്കുന്നതിന് പട്ടികജാതി വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി കോര്‍പസ് ഫണ്ടില്‍നിന്ന് തുക അനുവദിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അതും സാധ്യമായില്ല. തുടര്‍ന്ന് 2016ല്‍ 40 ലക്ഷത്തിന്‍റെ എസ്റ്റിമേറ്റ് പുതുക്കി നല്‍കിയെങ്കിലും തുക അംഗീകരിച്ചെങ്കിലും പദ്ധതിക്ക്​ ഭരണാനുമതി ഇതുവരെയും ലഭിച്ചിട്ടില്ല. റോഡ് സഞ്ചാരയാഗ്യമാകാത്തതിനാല്‍ 50 കുടുംബങ്ങളാണ് വഴിയില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടായാല്‍ മാത്രമേ ഇനി റോഡ് സഞ്ചാര​േയാഗ്യമാക്കാനാകൂ എന്നും ഇതിനായി അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.