കോലിഞ്ചിമല പാറഖനനം: യൂനിയനുകളുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കാന്‍ ഇടതുമുന്നണി തീരുമാനം

കുന്നിക്കോട്: കോലിഞ്ചിമലയിലെ പാറഖനനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യൂനിയനുകളുമായി തയാറാക്കിയ കരാര്‍ റദ്ദാക്കാൻ എൽ.ഡി.എഫിൽ തീരുമാനം. കഴിഞ്ഞദിവസം ചേർന്ന കുന്നിക്കോട് എൽ.ഡി.എഫ് നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂനിയനുകളിലെ തൊഴിലാളികളെ പിരിച്ചു വിടുന്നതിനും സാമ്പത്തിക സഹായം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് ഉടമകളുമായി നേതാക്കൾ ചർച്ച നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കിയ കരാറാണ് റദ്ദാക്കുന്നത്. സി.പി.ഐയുടെയും സി.പി.എമ്മിനെയും ജില്ല നേതാക്കളും ഏരിയ നേതാക്കളും സംയുക്തമായി ചേർന്ന ജില്ല-ഏരിയ ഏകോപനസമിതിയിലാണ് കരാറും ലൈസന്‍സുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. സമിതിയിൽ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് അംഗങ്ങളായ എസ്. ജയമോഹൻ, ജോർജ് മാത്യു, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ജി.ആര്‍. രാജീവന്‍, എരിയ സെക്രട്ടറി മുഹമ്മദ് അസ്​ലം, എം. നൗഷാദ് എന്നിവർ പങ്കെടുത്തു. ലൈസൻസ് നൽകിയ വിഷയത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനാല്‍ അടുത്ത യോഗത്തിൽ ചർച്ചക്കായി മാറ്റിവെച്ചു. ഇത്തവണ യൂനിയനുകളുമായി തയാറാക്കിയ കരാർ മാത്രമാണ് ചർച്ച ചെയ്​തത്. വിളക്കുടി പഞ്ചായത്ത് നിയോഗിച്ച അന്വേഷണസമിതി അംഗങ്ങളായ കരിക്കത്തിൽ കെ. തങ്കപ്പൻ പിള്ളയും റെജീന തോമസും ഖനനാനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ക്കും കലക്ടർക്കും റവന്യൂ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.