വിലക്കയറ്റത്തിലും ഹിറ്റായി സ്കൂൾ വിപണി കൊല്ലം: വിലക്കയറ്റത്തിന്‍റെ ആഘാതം വലിയതോതിൽ അനുഭവപ്പെടുമ്പോഴും വ്യാപാര സമൂഹത്തിന് ആശ്വാസം നൽകി സ്കൂൾ വിപണി ഉഷാർ. ബുക്ക് മുതൽ ബാഗ് വരെയും ഷൂ മുതൽ യൂനിഫോം വരെയും പുതിയത് വാങ്ങാൻ എത്തുന്നവരുടെ തിരക്കാണ് എങ്ങും. തങ്ങൾക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാൻ മാതാപിതാക്കളുടെ കൈപിടിച്ചെത്തുന്ന കുട്ടിക്കൂട്ടങ്ങളാണ് നഗരത്തിലെയും മറ്റും കടകളിലെ കാഴ്ച. കോവിഡ് ശേഷം വിപണിക്ക് തിരിച്ചുവരവിനുള്ള കരുത്താകുന്നതാണ് ഈ തിരക്ക് എന്നു പറയുന്ന വ്യാപാരികൾ, പഴയ ആ വമ്പൻ തിരക്കിലേക്കും ആഡംബരത്തിലേക്കും എത്തുന്നില്ല എന്നും ചേർത്തുവെക്കുന്നു. മുമ്പ് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇത്തവണ അതിൽ 40 ശതമാനത്തോളം കുറവുണ്ടെന്നാണ് കൊല്ലം നഗരത്തിലെ വ്യാപാരികൾ പറയുന്നത്. രണ്ടു വർഷത്തെ കോവിഡ് ഇടവേളക്കു ശേഷം ആറു മാസത്തിനു മുമ്പ് സ്കൂളുകൾ തുറന്നതാണ് ഇത്തവണ തിരക്ക് കുറച്ചത്. ബാഗും കുടയും ടിഫിൻ ബോക്സും പോലുള്ളവയൊക്കെ അന്ന് വാങ്ങിയവർ വലിയ തോതിൽ ഇത്തവണ വാങ്ങൽ നടത്തുന്നില്ല. വരുന്നവരാകട്ടെ കുറഞ്ഞ വിലയിലുള്ളത് കാണിച്ചാൽ മതി എന്ന് ആദ്യമേ പറഞ്ഞിട്ടാണ് സാധനങ്ങൾ നോക്കുന്നതും. ഇതുകാരണം വലിയ വിലയിലുള്ള ബാഗുകളും കുടയും ഒന്നും വിറ്റുപോകുന്നില്ല. അതിനനുസരിച്ചാണ് വിപണിയും ഒരുങ്ങിയത്. വിലകൂടിയ സാധനങ്ങൾ വളരെക്കുറച്ചുമാത്രമാണ് റീട്ടെയിൽ കടകളിൽ സ്റ്റോക്കുള്ളത്. മുമ്പ് വിപണി സാധ്യത മുന്നിൽകണ്ട് വലിയ തോതിൽ സ്റ്റോക്ക് ഇറക്കിയിരുന്ന ശീലവും ഇത്തവണ വ്യാപാരികൾ വേണ്ടെന്നുവെച്ചിരിക്കുകയാണ്. ------------------------------- വിലക്കയറ്റത്തിൽ കുരുങ്ങി ഇന്ധനവിലയും ഇറക്കുമതി കുറഞ്ഞതും മുതൽ നികുതി ഉയർത്തൽ വരെ വിലക്കയറ്റത്തിന് കാരണം എന്തുമാകട്ടെ സ്കൂൾ വിപണിയിലും വലിയ തോതിലാണ് പ്രതിഫലനം. വില കൂടാത്തതായി ഒന്നുമില്ല എന്ന് പറയുന്നതാണ് ശരിയെന്ന് വ്യാപാരികളും പറയുന്നു. കടലാസിന് പോലും 50 ശതമാനം വരെയാണ് വിലകൂടിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽനിന്ന് ഈ സീസണിൽ എത്തിയപ്പോൾ പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവക്കൊക്കെ 10 ശതമാനം വരെ വിലയുയർന്നു. വലിയതോതിൽ ആവശ്യക്കാരുള്ള കുടകൾക്കൊക്കെ 50 രൂപവരെ കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 350 രൂപയായിരുന്ന മൂന്ന് മടക്ക് കുടക്ക് ഇപ്പോൾ 400 കൊടുക്കണം. ബാഗുകൾക്കും സമാനരീതിയിൽ 100 രൂപ വരെയാണ് കൂടിയിരിക്കുന്നത്. 440 രൂപയുണ്ടായിരുന്ന ആൺകുട്ടികളുടെ ഷൂസിന് ഇപ്പോൾ 570 രൂപവരെ നൽകണം. പെൺകുട്ടികളുടെ ഷൂസിനുമുണ്ട് 80 മുതൽ 100 രൂപ വരെ വിലക്കയറ്റം. നികുതി കൂട്ടിയത് കാരണം പേനക്ക് ഇപ്പോൾ കൂടുതൽ കാശ് മുടക്കണം. പേപ്പർ വിലക്കയറ്റവും ഇറക്കുമതി പ്രശ്നങ്ങളും ക്ഷാമവും കാരണം ബുക്കും കീശ കീറുന്നനിലയിലാണ് വില. അഞ്ചു രൂപയുണ്ടായിരുന്ന പേനക്ക് എട്ടു രൂപയായപ്പോൾ 25 രൂപയായിരുന്ന ചെറിയ 160 പേജ് ബുക്കിന് 30 ആണ് ഇപ്പോൾ നൽകേണ്ടത്. യൂനിഫോം തുണിക്കും ക്വാളിറ്റി അനുസരിച്ച് മീറ്ററിന് 20-40 രൂപ വരെ കൂടി. ഇതിനാൽതന്നെ താരതമ്യേന വിലക്കുറവിൽ ലഭിക്കുന്ന ഹോൾസെയിൽ സ്ഥാപനങ്ങളിൽ വലിയ തിരക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.