കൊല്ലം: അപകടങ്ങളിലൂടെ ‘കുപ്രസിദ്ധി’ നേടിയ പാതകളും നെഞ്ചിടിപ്പേറ്റുന്ന വളവുകളും ഏറെയുണ്ട് ജില്ലയിൽ. മോട്ടോർവാഹനവകുപ്പ് നിരന്തരം ജാഗ്രതാനിർദേശം നൽകുമ്പോഴും അപകടങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞവർഷം 3,436 അപകടങ്ങളിലായി 403 പേർക്കാണ് ജില്ലയിൽ ജീവൻ നഷ്ടമായത്.
ജില്ലയിൽ അതീവ അപകടസാധ്യതയുള്ള ഇരുപതിലധികം ബ്ലാക്ക് സ്പോട്ടുകളുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തൽ. ഏനാത്ത്-നിലമേൽ എം.സി റോഡിലെ വളവുകൾ, നെട്ടേത്തറ, ശ്രീരംഗം, പുനലൂർ-കോട്ടവാസലിനും ഇടയിലെ വളവുകൾ, അയത്തിൽ, ചാത്തന്നൂർ തിരുമുക്ക്, ഉമയനല്ലൂർ എന്നിവിടങ്ങളെല്ലാം അപകടസാധ്യത ഏറ്റവുമധികമുള്ള മേഖലകളാണ്.
വാഹനമോടിക്കുന്നവരുടെ അശ്രദ്ധയാണ് അപകടങ്ങളുണ്ടാകുന്നതിന് പ്രധാനകാരണം. അതിൽ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. മഴക്കാലത്ത് റോഡുകളിൽ അതിശ്രദ്ധ വേണമെന്ന കാര്യംപോലും കണക്കിലെടുക്കാതെ ബസുകളുൾപ്പെടെ ചീറിപ്പായുന്നതും നിരത്തിലെ സ്ഥിരംകാഴ്ചയാണ്. മരണവേഗത്തിലാണ് നഗരത്തിൽ ബസുകൾ പായുന്നത്.
ജില്ലയുടെ കിഴക്കൻ മേഖലകഴിലൂടെ കടന്നുപോകുന്ന എം.സി റോഡിലും പുനലൂർ-മൂവാറ്റുപുഴ റോഡിലും ദിനവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊടും വളവുകളും അപകടനിയന്ത്രണങ്ങളില്ലാത്ത റോഡുകളുമാണ് ഇവിടെ വില്ലനാകുന്നത്.
ഓച്ചിറ മുതൽ പാരിപ്പള്ളിയിലെ കടമ്പാട്ടുകോണംവരെ 72 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത 66 വികസിപ്പിക്കുന്നത്. അശാസ്ത്രീയ നിർമാണം വരുത്തിവെച്ച ദുരിതങ്ങളിൽ 50ലധികം പേരുടെ ജീവനാണ് ഇതിനകം നഷ്ടമായത്. ആയിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത
പത്തനാപുരം: നിര്‍മാണം പൂര്‍ത്തിയായി രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നടന്നത് നൂറിലേറെ അപകടങ്ങൾ. ജീവനുകള്‍ പൊലിഞ്ഞത് ഇരുപതോളം പേർക്കും.
ഞായറാഴ്ച പുലര്‍ച്ചെ കോന്നി മുറിഞ്ഞകല്ലില്‍ കാര്‍ മിനി ബസിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിച്ചത് ഇതേപാതയിലാണ്.
പുനലൂർ മുക്കടവ് പാലത്തിനുസമീപം പിക്കപ് ലോറിയിലേക്ക് ഇരുചക്രവാഹനം ഇടിച്ച് കത്തിയത്, രണ്ട് ദിവസം മുമ്പ് ഇടത്തറ ജങ്ഷന് സമീപം ശബരിമല തീർഥാടക വാഹനം അഗ്നിക്കിരയായത്, പത്തനാപുരം കടയ്ക്കാമണ്ണില്‍ കെ.എസ്.ആര്.ടി.സി ബസ് മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറിയത്, നടുക്കുന്നില്‍ ബസ് ബാരിക്കേഡുകള്‍ തകര്‍ത്തത്, വാഴത്തോപ്പ് വനം വകുപ്പ് ഡിപ്പോയുടെ പ്രവേശന കവാടത്തിലേക്ക് മീൻ ലോറി ഇടിച്ചുകയറിയത്. ഇങ്ങനെ തുടരുന്നു പാതയിലെ അപകടങ്ങൾ.
തമിഴ്നാടുമായി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകൾക്ക് വേഗത്തിൽ ബന്ധപ്പെടാനുള്ള പാതയാണിത്. ഇതിനാല്‍ രാപ്പകൽ വ്യത്യാസമില്ലാതെ നിരവധി ചരക്ക് വാഹനങ്ങളാണ് കടന്നുപോകുന്നത്.
പുനലൂർ-കോട്ടവാസൽ ദേശീയപാത
പുനലൂർ: യാത്രക്കാരിൽ എന്നും കുളിരേകുന്ന വശ്യമനോഹരമായ കാഴ്ചകളുള്ള കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂരിനും കോട്ടവാസലിനും ഇടയിലെ 35 കിലോമീറ്ററോളം ദൂരത്തെ യാത്ര ഭയമുളവാക്കുന്നത്. ദേശീയപാതയെന്ന് വിളിപ്പേരുണ്ടെങ്കിലും വലിയ കയറ്റിറക്കവും കൊക്കകളും നിറഞ്ഞ ഈ പാതയിൽ പലയിടത്തും ഒരു വാഹനത്തിന് മാത്രമേ കടന്നുപോകാൻ വീതിയുള്ളൂ. പഴയ മലയോരപാത കാലന്തരത്തിൽ ദേശീയപാതയായി ഉയർത്തിയെങ്കിലും സുരക്ഷിതമായ യാത്രക്ക് വേണ്ടതൊന്നും അധികൃതർ ഒരുക്കിയിട്ടില്ല.
തുറുമഖങ്ങളെ ബന്ധിപ്പിച്ചിള്ള ട്രക്കുകളടക്കം ചീറിപ്പായുന്ന പാത ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ സഞ്ചാരമാർഗവുമാണ്. വർഷവും സീസണിന് മുമ്പ് സുഗമമായ യാത്രക്കായി അധികൃതർ പരിശോധനയും നിർദേശങ്ങളും നൽകാറുണ്ടെങ്കിലും മതിയായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കാൻ തയാറാകുന്നില്ല. ഇതുകാരണം ഈ പാതയിൽ അപകടങ്ങൾ നിത്യസംഭവമാണ്. ഇതുവഴിയുള്ള യാത്രക്കാരെ കൂടാതെ പാതയുടെ ഇരുവശത്തുമുള്ള നാട്ടുകാരും എന്നും ഭയപ്പാടിലാണ്.
പാതയുടെ സുരക്ഷിതമില്ലായ്മയും ഡ്രൈവർമാരുടെ അനാസ്ഥയും അശ്രദ്ധയും കാരണം അപകടങ്ങൾ പെരുകുന്നതിനാൽ യാത്രക്കാരുടെ ജീവൻ പൊലിയുന്നതും പതിവാണ്. അവസാനമായി നാലിന് ആര്യങ്കാവിൽ ചരക്ക് ലോറി ഇടിച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് സേലം സ്വദേശിയായ ശബരിമല തീർഥാടകൻ മരിക്കുകയും 18 യാത്രക്കാർ പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടം നടന്ന് രണ്ടാഴ്ചയായിട്ടും ഈ ഭാഗത്ത് മതിയായ സുരക്ഷ ഒരുക്കാൻ ദേശീയപാത അധികൃതർ തയാറായിട്ടില്ല. അപകടസൂചനയായി ചുമന്ന റിബൺ കെട്ടിയതാണ് ആകെയുള്ള സുരക്ഷ. ഇതിനിടെ രണ്ടു ചരക്ക് ലോറികൾ അപകടത്തിലായ തെന്മല ഡാം റോഡിലും യാതൊരു സുരക്ഷയുമില്ല.
പുനലൂരിനും തെന്മലക്കും ഇടയിൽ പതിവായി അപകടം നടക്കുന്ന 13 സ്ഥലങ്ങൾ അപകടമേഖലയായി അധികൃതർ കണ്ടെത്തിയിരുന്നു. വാളക്കോട് റെയിൽവേ മേൽപ്പാലം, കലയനാട് വളവ്, പ്ലാച്ചേരി വളവ്, താമരപ്പള്ളി വളവ്, തണ്ണിവളവ് തുടങ്ങിയ ഭാഗങ്ങളാണിത്. കൂടാതെയാണ് എം.എസ്.എൽ ഉൾപ്പടെ തെന്മല മുതൽ കോട്ടവാസൽ വരെയുള്ള ഏറ്റവും അപകടകരമായ മേഖലകൾ. ദേശീയപാതക്ക് സമാന്തരമായുള്ള തെന്മല ഡാംറോഡിൽ ഒന്നും രണ്ടും വളവുകളിലും എന്നും അപകടങ്ങളാണ്. പാതയുടെ ദുസ്ഥിതിയെ കുറിച്ച് ചോദിച്ചാൽ വരാൻപോകുന്ന ഗ്രീൻഫീൽഡ് ഹൈവേ നിർമാണം പൂർത്തിയാകുന്നതോടെ എല്ലാം ശെരിയാകുമെന്നാണ് ദേശീയപാത അധികൃതരുടെ മറുപടി.
അഞ്ചൽ-ആലഞ്ചേരി റോഡ്
അഞ്ചൽ: ആർ.ഒ ജങ്ഷൻ മുതൽ ആലഞ്ചേരി ജങ്ഷൻ വരെയുള്ള മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ആധുനിക രീതിയിൽ പുനർനിർമിച്ച് അപകടരഹിതമാകണമെന്നാവശ്യം ശക്തം. ഈ പ്രദേശം മലയോര ഹൈവേയുടെ ഭാഗമല്ലാത്തതിനാൽ റോഡിന് കാര്യമായ പുരോഗതിയില്ല.
ആലഞ്ചേരി പെട്രോൾ പമ്പിന് മുൻവശം അപകടങ്ങൾ പതിവ്. ഏതാനും മാസം മുമ്പ് കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവവുമുണ്ടായി. മലയോര ഹൈവേയിൽ അഗസ്ത്യക്കോട് വളവ്, പത്തടി, കാഞ്ഞുവയൽ പ്രദേശം, അഞ്ചൽ ബൈപാസ് എന്നിവിടങ്ങൾ കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളാണ്.
ഓയൂർ-കൊട്ടാരക്കര റോഡ്
കൊട്ടാരക്കര: ഓയൂർ-കൊട്ടാരക്കര പി.ഡബ്യു.ഡി പാതയിൽ ഓടനാവട്ടം റെഡിവളവ്, പൂയപ്പള്ളി, വെളിയം പ്രദേശങ്ങളിലെ കൊടുംവളവുകളാണ് പ്രധാന അപകട കേന്ദ്രങ്ങൾ. ഓടനാവട്ടം റെഡി വളവിൽ നിരവധി അപകടമരണങ്ങളാണുണ്ടായിട്ടുള്ളത്. കരിങ്ങന്നൂരിൽ എസ് വളവിലും സ്ഥിതി സമാനമാണ്. വെളിയം കോളനിയിലെ വളവിൽ വാഹനങ്ങൾ നിയന്ത്രണംവിട്ട് സമീപത്തെ റബർ തോട്ടത്തിലേക്ക് മറിയുന്നത് പതിവാണ്.
കൊട്ടാരക്കര-നിലമേൽ എം.സി റോഡ്
കടയ്ക്കൽ: കൊട്ടാരക്കര മുതൽ നിലമേൽ വരെ ചെറുതും വലുതുമായ 20 ഓളം അപകട വളവുകളാണുള്ളത്. നെട്ടേത്തറ, ശ്രീരംഗം തുടങ്ങിയ വളവുകളിൽ അപകടം നിരന്തരം. ഒരു വർഷത്തിനുള്ളിൽ നിരവധി ജീവനുകാണ് പാതയിൽ പൊലിഞ്ഞത്.
ഡിസംബർ നാലിന് നിലമേൽ സ്വദേശിയായ വീട്ടമ്മ ചടയമംലം ബ്ലോക്ക് ഓഫിസിന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസും കാറുമായി കൂട്ടിയിടിച്ച് മരിച്ച സംഭവമാണ് ഒടുവിലത്തേത്. ദീർഘദൂര യാത്രക്കാരാണ് അപകടത്തിൽ പ്പെടുന്നതിലേറെയും. എം. സി റോഡിലെ അപകട മേഖലകൾ സംബന്ധിച്ച് നാറ്റ്പാക് പഠനം നടത്തുന്നുണ്ട്. ട്രാൻസ്പോർട്ട് റിസർച് ലബോട്ടറി നടത്തിയ പഠനത്തിൽ പാതയിലെ പൊലീസ് സാന്നിധ്യം അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നുണ്ടെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.