കൊല്ലം: കുണ്ടറ നാന്തിരിയ്ക്കൽ ട്രിനിറ്റി ലൈസിയം ഹയർ സെക്കൻഡറി സ്കൂൾ ബസ് കത്തിച്ചാമ്പലായ സംഭവത്തിൽ വലിയദുരന്തം ഒഴിവായത് ഡ്രൈവർ സുനിലിന്റെ സമയോചിതമായ നീക്കംകൊണ്ട്. നല്ലില, നെടുമ്പന ഭാഗങ്ങളിൽ കുട്ടികളെ ഇറക്കിയ ശേഷം പാലമുക്ക് തിരിഞ്ഞ് കണ്ണനല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്നു സ്കൂൾ ബസ്. കണ്ണനല്ലൂരിലും കൊട്ടിയത്തും ഇറങ്ങാനുള്ള രണ്ട് വിദ്യാർഥികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. നല്ലില റോഡിൽ നിന്നും പാലമുക്കിലെത്തിയ വാഹനം കണ്ണനല്ലൂർ ഭാഗത്തേക്ക് തിരിഞ്ഞപ്പോഴാണ് വാഹനത്തിന്റെ അടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുന്നത്.
ഉടൻതന്നെ സുനിൽ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി കുട്ടികളെ പുറത്തിറക്കി. ആയയും രണ്ട് കുട്ടികളും ഇറങ്ങി മാറിയ ഉടൻ തീപിടിച്ച് വാഹനം തീഗോളമായി മാറി. സംഭവ സ്ഥലത്തിന് ഏറെ അകലെയല്ലാതെ ഒരു പെട്രോൾ പമ്പുമുണ്ട്. സംഭവം കണ്ട നാട്ടുകാർ ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. വാഹനത്തിൽ ആരുമില്ലെന്നറിഞ്ഞതോടെയാണ് നാട്ടുകാർക്ക് ശ്വാസം വീണത്.
ഡ്രൈവറുടെ മനസാന്നിധ്യവും വാഹനത്തിന്റെ വേഗതക്കുറവുമാണ് വലിയ ദുരന്തം ഒഴിവാക്കിയത്. അപകടസമയത്ത് കൂടുതൽ കുട്ടികൾ ബസിൽ ഇല്ലാതിരുന്നതും രക്ഷയായി.
സ്കൂൾവാനിന് തീപിടിച്ചെന്ന വാർത്ത പരന്നതോടെ കൊട്ടിയം-കുണ്ടറ റോഡിൽ പാലമുക്ക് ഭാഗം ജനങ്ങളെ കൊണ്ട് നിറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.