അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ് പ്രവർത്തനം അവതാളത്തിൽ. നിലവിലെ ചെയർപേഴ്സനും വൈസ് ചെയർപേഴ്സനും രാജിവെച്ചതോടെയാണ് സി.ഡി.എസ് പ്രവർത്തനം നിലച്ചത്. നിലവിൽ അക്കൗണ്ടൻറ് മാത്രമാണ് ഓഫിസിലുള്ളത്. ഇവർക്ക് ദൈനംദിന കാര്യങ്ങളിൽ ഇടപെടാനോ വൗച്ചറുകൾ പാസാക്കാനോ നിയമ തടസ്സമുണ്ട്.
എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ചെയർപേഴ്സൺ സി.പി.ഐ പ്രതിനിധിയും വൈസ് ചെയർപേഴ്സൺ സി.പി.എം പ്രതിനിധിയുമാണ്. പഞ്ചായത്ത് ഭരണം രണ്ടര വർഷം പിന്നിട്ടപ്പോൾ സി.പി.ഐയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും സി.പി.എം പ്രതിനിധി പ്രസിഡന്റാകുകയും ചെയ്തു. തുടർന്നാണ് ഇരു പാർട്ടികളുടെയും നിർദേശപ്രകാരം ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും രാജിവെച്ചത്. എന്നാൽ, കുടുംബശ്രീ മിഷൻ രണ്ടു പേരുടെയും രാജി സ്വീകരിക്കുകയോ മറുപടി നൽകുകയോ ചെയ്തിട്ടില്ല.
രാജിക്കത്തുകൾ സംസ്ഥാന കുടുംബശ്രീ മിഷനിലേക്ക് തുടർ നടപടിക്കായി അയച്ചിരിക്കുകയാണെന്നും അവിടെ നിന്നുള്ള മറുപടിയുണ്ടായെങ്കിൽ മാത്രമേ ജില്ലമിഷന്‍ നിലപാടെടുക്കാൻ കയിയൂവെന്നുമാണ് ഇരുവരെയും അറിയിച്ചിട്ടുള്ളതത്രേ. കുടുംബശ്രീയുമായി ബന്ധപ്പെട്ട പല പദ്ധതികൾക്കും ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കും ചെയർപേഴ്സന്റെ കത്ത് ആവശ്യമുണ്ട്.
ഇതിനായി കുടുംബശ്രീ അംഗങ്ങൾ ദിവസവും പഞ്ചായത്തിലെ സി.ഡി.എസ് ഓഫിസിലെത്തി തിരികെ പോകുകയാണ്. കുടുംബശ്രീയുടെ നിയമാവലി പ്രകാരം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് ഇതിൽ ഇടപെടാൻ പരിമിതികളുണ്ട്.
സംസ്ഥാന സർക്കാറിന്റെയും കുടുംബശ്രീമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നു വരുന്ന ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയുടെ ആലോചനയോഗം പോലും നടത്താൻ കഴിഞ്ഞിട്ടില്ല. സി.ഡി.എസിന്റെ പ്രതിമാസ യോഗവും നടക്കുന്നില്ല. 2023-24 സാമ്പത്തികവർഷത്തിൽ കുടുംബശ്രീ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട ആനുകൂല്യം ലഭിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്.
ബാങ്കുകളിൽ നിന്നും വായ്പകൾക്കുവേണ്ടി കാത്തിരിക്കുന്നവർ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. കുടുംബശ്രീ പ്രവർത്തനങ്ങൾ അടിയന്തരമായി പുനഃസ്ഥാപിച്ചില്ലെങ്കിൽ അംഗങ്ങളെ പങ്കെടുപ്പിച്ച് സമര പരിപാടികൾ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജീവ് കോശി, വിൽസൺ ഏബ്രഹാം നെടുവിളയിൽ, വി.എസ്. റാണ, എം. ബുഹാരി, വിളയിൽ കുഞ്ഞുമോൻ, അമ്മിണി രാജൻ, ആർ. വിജയലക്ഷ്മി, തുളസിഭായിയമ്മ, ജോളി കെ. റെജി, പ്രസന്നകുമാരിയമ്മ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.