അഞ്ചൽ: അടച്ചുപൂട്ടിയ ഏരൂർ ഭാരതീപുരം നീരാട്ടുതടത്തിലെ അനധികൃത മാലിന്യസംസ്കരണ പ്ലാൻറിന് വീണ്ടും അനുമതി നേടാൻ ഗൂഢനീക്കം. വിവിധ ജില്ലകളിൽനിന്ന് ചത്ത മൃഗങ്ങളും അറവുമാലിന്യവും കൊണ്ടുവന്ന് മൃഗക്കൊഴുപ്പിൽനിന്ന് നെയ്യ് നിർമാണമാണ് ഫാക്ടറിയിൽ നടന്നിരുന്നത്. ജനകീയപ്രതിഷേധത്തെത്തുടർന്ന് പ്രവർത്തനം നിർത്തിയ ഫാക്ടറി മറ്റൊരു പേരിൽ ആരംഭിക്കാനാണ് ഉടമകൾ ഏരൂർ ഗ്രാമപഞ്ചായത്തിനെ സമീപിച്ചത്. ഇതിനെത്തുടർന്ന് പഞ്ചായത്ത് ഭരണസമിതി കൂടി ഫാക്ടറി ഉടമയുടെ അപേക്ഷയിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചു.
ചിക്കൻ റെൻററിങ് യൂനിറ്റ് എന്നാണ് അപേക്ഷയിൽ ഉടമകൾ സൂചിപ്പിച്ചിരുന്നത്. ഇതിനെ രണ്ട് ഭരണസമിതിഅംഗങ്ങൾ ശക്തമായി എതിർത്തതിനെത്തുടർന്നാണ് തീരുമാനമെടുക്കാൻ കഴിയാതെപോയത്. സർവകക്ഷിയോഗം വിളിച്ച് ചർച്ചചെയ്തുമാത്രമേ ഫാക്ടറിക്ക് അനുമതി നൽകൂവെന്ന തീരുമാനത്തിലാണ് പഞ്ചായത്ത് അധികൃതർ. മാസങ്ങൾക്കുമുമ്പ് നടന്ന ബഹുജനപ്രക്ഷോഭത്തെത്തുടർന്ന് ഇവിടത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾ വരുത്തിവെക്കുന്ന അനധികൃത മൃഗക്കൊഴുപ്പ് സംസ്കരണ ഫാക്ടറിയും പന്നിഫാമും അടച്ചുപൂട്ടുകയായിരുന്നു. അന്നത്തെ കലക്ടർ അഫ്സാന പർവീൺ നേരിട്ടെത്തി പരിശോധിച്ചാണ് അടച്ചുപൂട്ടാൻ നിർദേശിച്ചത്.
വനഭൂമിയിലൂടെ കാർഷികാവശ്യത്തിനല്ലാതെയുള്ള ഗതാഗതത്തിന് വനംവകുപ്പ് നടപടിയെടുത്തു. കൂടാതെ ഓയിൽപാം കമ്പനി റോഡിൽ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് മുഴുവൻസമയ വാച്ചറെയും നിയമിച്ചു. പഞ്ചായത്ത് അധികൃതർ വഴിയിൽ കിടങ്ങ് കുഴിച്ച് വാഹനഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഗാർഹികാവശ്യത്തിനുള്ള വൈദ്യുതി വ്യവസായികാവശ്യത്തിന് ഉപയോഗിച്ചതിനാൽ കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.
വൻതോതിൽ തള്ളിയ മലിന്യക്കൂമ്പാരത്തിൽനിന്ന് ദുർഗന്ധവും മലിനജലവും ഇപ്പോഴും ഒഴുകി ഇത്തിക്കരയാറ്റിൽ ലയിക്കുകയാണ്. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണമെന്ന കലക്ടറുടെ നിർദേശം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റൊരു പേരിൽ ഫാക്ടറി ലൈസൻസിനായുള്ള ഉടമകളുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.