കൊല്ലം: ജലോത്സവത്തിൽ മനോഹാരിത മുഴുവൻ നിറച്ച്, ശ്വാസമടക്കിപ്പിടിച്ചിരുന്ന പോരാട്ടക്കാഴ്ചക്കൊടുവിൽ പ്രസിഡന്റ്സ് ട്രോഫിയും ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടവുമുയർത്തി അഷ്ടമുടി കീഴടക്കി വീയപുരം ചുണ്ടൻ. ട്രോപ്പിക്കൽ ടൈറ്റൻസ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കരുത്ത് വീണ്ടും തെളിയിച്ച പോരാട്ടത്തിൽ എതിരാളികളോട് ഇഞ്ചോടിഞ്ച് പോരാടിയാണ് വീയപുരം ഫിനിഷിങ് ലൈനിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. കാഴ്ചക്കാരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ചുണ്ടൻപോര് അക്ഷരാർഥത്തിൽ അഷ്ടമുടിക്കായലിൽ ജലരാജാക്കന്മാരുടെ യുദ്ധമായി.
അഷ്ടമുടിയിലെ 1000 മീറ്റർ ട്രാക്കിൽ ഓരോ ഇഞ്ചിലും ആവേശം നിറച്ചായിരുന്നു മത്സരം. മൈക്രോ സെക്കൻഡുകൾ പോലും വിലപിടിച്ചതായ പോരാട്ടം അഷ്ടമുടിയുടെ ഓളങ്ങളിൽ തീപിടിപ്പിക്കുന്നതായി.
ഹീറ്റ്സ് മുതൽ ആവേശവും ആകാംക്ഷയും നിറച്ച പോരാട്ടമാണ് അരങ്ങേറിയത്. വള്ളംകളിയുടെ അപ്രവചനീയത പ്രസിഡന്റ്സ് ട്രോഫി പോരാട്ടത്തെ കൂടുതൽ ഗംഭീരമാക്കി. പള്ളാത്തുരുത്തിക്ക് വെല്ലുവിളി ഉയർത്തി കിരീടംവരെ നേടാൻ കരുത്തുണ്ടായിരുന്ന കോസ്റ്റ് ഡോമിനേേറ്റഴ്സ് യുനൈറ്റഡ് ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ ഫൈനലിലേക്ക് യോഗ്യത പോലും നേടാനാകാതെ തലകുനിച്ച കാഴ്ച തികച്ചും അപ്രതീക്ഷിതമായിരുന്നു.
നടുഭാഗം ഫൈനൽചിത്രത്തിൽ നിന്ന് പോയിട്ടും ഒരിഞ്ച് പോലും ബോറടിപ്പിക്കാതെ ത്രില്ലടിപ്പിക്കുന്ന പ്രകടനവുമായി പള്ളാത്തുരുത്തിക്ക് ഒത്ത എതിരാളികളായി പൊലീസ് ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടനും റിപ്പ്ൾ ബ്രേക്കേഴ്സ് പുന്നമട ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടനും മാറിയ കാഴ്ചയും ആവേശഭരിതമായിരുന്നു.
ഒമ്പതാമത് പ്രസിഡന്റ്സ് ട്രോഫിക്കും മൂന്നാമത് സി.ബി.എല്ലിനും മാസ്മരികഫൈനൽ നിമിഷങ്ങൾ സമ്മാനിച്ച് വീയപുരം ചുണ്ടൻ 4:18.96 മിനിറ്റ് സമയത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. കഴിഞ്ഞവർഷം പള്ളാത്തുരുത്തിയെ സി.ബി.എൽ ജേതാക്കളാക്കിയ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഇത്തവണ കേരള പൊലീസിന്റെ കരുത്തിലാണ് കളത്തിൽ ഇറങ്ങിയത്.
പള്ളാത്തുരുത്തിക്ക് കനത്ത വെല്ലുവിളി ഉയർത്തിയ റെയിഞ്ചിങ് റോവേഴ്സ് പൊലീസ് ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് 4:19.83 മിനിറ്റ് സമയത്തിലാണ് രണ്ടാംസ്ഥാനം സ്വന്തമാക്കിയത്. റിപ്പ്ൾ ബ്രേക്കേഴ്സ് പുന്നമട ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടനും മോശമാക്കിയില്ല. മറ്റ് രണ്ട് ചുണ്ടന്മാർക്കും മത്സരത്തിലുടനീളം വെല്ലുവിളിയുയർത്തിയ കാരിച്ചാൽ 4:22.83 മിനിറ്റ് സമയത്തിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
എന്തൊരു പോരായിരുന്നു ചുണ്ടൻ വള്ളങ്ങളുടേത്... അരയും തലയും മുറുക്കി ഒമ്പത് ജലരാജാക്കന്മാർ ഇറങ്ങിയപ്പോൾ അക്ഷരാർഥത്തിൽ അഷ്ടമുടിയുടെ നെട്ടായം പോർക്കളമായി. രാജാക്കന്മാരിൽ രാജാവാരെന്ന് തീരുമാനിക്കുന്ന പോരാട്ടത്തിൽ തീപാറിയപ്പോൾ ഹീറ്റ്സ് മത്സരങ്ങൾതന്നെ ഫൈനലിന് സമമായി. ആദ്യ ഹീറ്റ്സിൽ നിരണം ബോട്ട് ക്ലബിന്റെ സെന്റ് പയസ് ടെൻത് ഒന്നാം ട്രാക്കിലും യുനൈറ്റഡ് ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ രണ്ടാം ട്രാക്കിലും കെ.ബി.സി ആൻഡ് എസ്.എഫ്.ബി.സിയുടെ പായിപ്പാടൻ ചുണ്ടൻ മൂന്നാം ട്രാക്കിലുമാണ് കുതിച്ചത്. 4:17.07 മിനിറ്റ് സമയത്തിൽ ഒന്നാംസ്ഥാനത്തേക്ക് കുതിച്ച് നടുഭാഗം ഫൈനൽ പ്രതീക്ഷ നിറച്ചുവെച്ചു.
രണ്ടാം ഹീറ്റ്സിൽ വീയപുരവും മഹാദേവിക്കാട് കാട്ടിൽ തെക്കേതിലും കാരിച്ചാൽ ചുണ്ടനും യഥാക്രമം മൂന്ന് ട്രാക്കുകളിലും നിരന്നു. അക്ഷരാർഥത്തിൽ ശ്വാസം നിലക്കുന്ന പോരാട്ടമായിരുന്നു ഈ മത്സരത്തിൽ കണ്ടത്. ആര് മുന്നിൽ, ആര് പിന്നിൽ എന്ന് പോലുംപറയാനാകാതെ മൂന്ന് കൂട്ടരും കുതിച്ചുപാഞ്ഞു.
വീയപുരം ഫൈനലിൽ എത്താതെ പിന്തള്ളപ്പെടുമോ എന്നുപോലും സംശയിക്കുന്ന തരത്തിൽ ആവേശത്തിലായിരുന്നു മറ്റ് രണ്ട് ടീമുകളുകളുടെയും വെല്ലുവിളി. ഈ ആവേശപ്പോരാട്ടം കാരണം മൂന്ന് വള്ളങ്ങളും ആഞ്ഞുനീങ്ങിയതോടെ ഹീറ്റ്സിലെ ഏറ്റവും മികച്ച സമയങ്ങൾ കുറിച്ച് മൂന്ന് വള്ളങ്ങളും ഫിനിഷ് ചെയ്തു. മൈക്രോ സെക്കൻഡിന്റെ വ്യത്യാസത്തിൽ 4:15.24 മിനിറ്റിലാണ് വീയപുരം ഒന്നാമതായത്. രണ്ടാമത് മഹാദേവിക്കാട് 4:16.06 മിനിറ്റും കാരിച്ചാൽ 4:16.88 മിനിറ്റും എടുത്ത് മൂന്നാമതും ഫിനിഷ് ചെയ്തു.
മൂന്നാം ഹീറ്റ്സിൽ മൂന്നാം ട്രാക്കിൽ കഴിഞ്ഞവർഷത്തെ പ്രസിഡന്റ്സ് ട്രോഫി ജേതാക്കളായ എൻ.സി.ഡി.സി ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ 4:23.34 സമയത്തിൽ ഒന്നാമതായി. രണ്ടാം ട്രാക്കിൽ വേമ്പനാട് ബോട്ട് ക്ലബിന്റെ ആയാപറമ്പ് പാണ്ടി (4:25.83 മിനിറ്റ്) രണ്ടാമതായി. വള്ളപ്പാടുകൾ അകലെ പിന്തള്ളിപ്പോയ കുമരകം ടൗൺ ബോട്ട് ക്ലബിന്റെ ചമ്പക്കുളംചുണ്ടൻ (5:28.80 മിനിറ്റ്) ഒന്നാം ട്രാക്കിൽ മൂന്നാമത് എത്തി.
രണ്ടാം ഹീറ്റ്സിൽ മൂന്ന് ടീമുകളും ഒമ്പത് ചുണ്ടൻവള്ളങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ചതോടെ ഫൈനൽ പോരാട്ടത്തിലേക്ക് യോഗ്യത നേടി. രണ്ടാം ഹീറ്റ്സിന്റെ തനിയാവർത്തനമായ ഫൈനലിലും അപ്രവചനീയമായ, ഇഞ്ചോടിഞ്ച് നെഞ്ചടിപ്പ് കൂട്ടിയ മത്സരത്തിനൊടുവിലാണ് വീയപുരം ചുണ്ടൻ ജേതാവായി ഫിനിഷിങ്ലൈൻ തൊട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.