ചവറ: കെ.എം.എം.എല്ലിൽ തൊഴില്‍ വാഗ്ദാനം നല്കി 16.5 ലക്ഷം രൂപ തട്ടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസ്. പന്മന ചോല സ്വദേശികളായ രണ്ടു യുവാക്കള്‍ക്ക് കമ്പനിയില്‍ സ്ഥിരനിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈവശപ്പെടുത്തിയ മാനേജര്‍ പോസ്റ്റിലുള്ള ആളടക്കം മൂന്ന് പേർക്കെതിരെയാണ് ചവറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സിവില്‍ എന്‍ജിനീയര്‍ ഡിപ്ലോമ, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്ലോമ കോഴ്സുകള്‍ വിജയിച്ച രണ്ടുപേർക്ക് മൈനിങ് യൂനിറ്റില്‍ സ്ഥിര ജോലി വാഗ്ദാനം ചെയ്താണ് പല തവണയായി തുക തട്ടിയെടുത്തത്. ഇവരെ താൽകാലികമായി ജോലിയില്‍ കയറ്റുകയും ശമ്പളം ഇല്ലാതെ ആറ് മാസത്തോളം ജോലി ചെയ്യിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
ആദ്യം അണ്‍പെയ്ഡ് ട്രെയിനിയായും പിന്നീട് പെയ്ഡ് ട്രെയിനി ആയും അതിനു ശേഷം സ്ഥിരമായ ജോലിയുമാണ് വാഗ്ദാനം ചെയ്തത്. ആദ്യത്തെ ആറ് മാസം അൺപെയ്ഡ് ട്രെയിനിയായി ജോലി ചെയ്യിച്ച ശേഷം പെയ്ഡ് ട്രെയിനി ആക്കാം എന്ന് പറഞ്ഞു എട്ട് ലക്ഷം രൂപ കൈപ്പറ്റി.
പെയ്ഡ് ആയി ജോലി ചെയ്യവേ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ ചോദ്യം ചെയ്തപ്പോള്‍ ഉടന്‍ ജോലി ആകുമെന്നും 8.5 ലക്ഷം നല്‍കണമെന്ന് സംഘം പരാതിക്കാരന്റെ വീട്ടില്‍ എത്തി ആവശ്യപ്പെട്ടു. കമ്പനിയില്‍ നടക്കുന്ന റഫറണ്ടത്തില്‍ ഭരണകക്ഷി യൂനിയനില്‍ പെട്ട ആളുകള്‍ക്ക് പണം കൊടുത്താല്‍ മാത്രമേ ജോലി വേഗം ശരിയാകൂ എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ബാക്കി തുക കൂടി ഇവര്‍ കൈക്കലാക്കിയത്.
കൈപറ്റിയ തുകയായ 16.5 ലക്ഷം രൂപ തൊഴില്‍ ലഭിക്കാത്ത പക്ഷം തിരികെ നല്‍കാമെന്നു കാണിച്ചു ഇവര്‍ക്ക് മാനേജർ തസ്തികയിൽ ഉള്ളയാൾ പ്രോമിസറി നോട്ട് എഴുതി നല്‍കുകയും ചെയ്തിരുന്നു. കെ.എം.എം.എല്ലില്‍ നിന്ന് വി.ആര്.എസിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പിരിഞ്ഞു പോകുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യത്തില്‍ നിന്ന് തുക മടക്കി നല്‍കാം എന്നും ഇയാള്‍ എഴുതി നല്കിയ പ്രോമിസറി നോട്ടില്‍ പറയുന്നു.
മൂന്നു മാസം മുമ്പ് ചവറ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മാനേജർ തസ്തികയിൽ ഉള്ളയാളെ പൊലീസ് വിളിച്ചു വരുത്തി.
ഇയാൾ കുറ്റം സമ്മതിക്കുകയും തുക ഉടന്‍ തിരികെ നല്‍കാമെന്നു എസ്.എച്ച്.ഒ മുമ്പാകെ സമ്മതിക്കുകയും ചെയ്തതായി പരാതിക്കാര്‍ പറയുന്നു. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.