ചവറ: പ്ലാസ്റ്റിക് ശേഖരണത്തിനെത്തിയ ഹരിത കർമ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറിയ വീട്ടുടമക്ക് 10000 രൂപ പിഴയടക്കാൻ നോട്ടീസ്. പന്മന മാവേലി വാർഡിൽ ഹരിതകർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക്ക് ശേഖരണത്തിനെത്തിയപ്പോൾ വീട്ടുടമ പ്ലാസ്റ്റിക് മാലിന്യവും യൂസർ ഫീസും നൽകാതിരിക്കുകയും സ്കാൻ ചെയ്യുന്നതിന് വീടിനു മുന്നിൽ പതിച്ചിരുന്ന ക്യൂ.ആർ കോഡ് സ്റ്റിക്കർ കീറി കളയുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു.
വിവരമറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി പിഴയടക്കാൻ നോട്ടീസ് നൽകുകയായിരുന്നു. പഞ്ചായത്ത് പരിധിയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നം വിതരണം, പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തും മാലിന്യം കത്തിക്കൽ, പൊതുസ്ഥലത്തേക്ക് മലിനജലം ഒഴുക്കിവിടൽ, മാലിന്യം പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തും വലിച്ചെറിയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വീടുകൾക്കും സ്ഥാപനങ്ങൾക്കും 342500 രൂപ വില ചുമത്തുകയും 64500 രൂപ ഈടാക്കുകയും ചെയ്തു.
പിഴ ഒടുക്കാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് സെക്രട്ടറി എൽ. ജയലക്ഷ്മി, സൂപ്രണ്ട് എസ്. ലസിത, ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ഷെമിയും വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുകുട്ടനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.