ചവറ: മുൻ ഭാര്യയുടെ മാതാവിനെ യുവാവ് മർദിച്ചെന്ന് പരാതി. ചവറ കുറ്റിവട്ടം കുടുംബ കോടതിക്ക് മുൻവശം ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ബന്ധം വേർപിരിഞ്ഞ ദമ്പതികളുടെ പന്ത്രണ്ട് വയസ്സുള്ള മകളെ കൈമാറുന്നത് സംബന്ധിച്ച തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
കുണ്ടറ സ്വദേശിയായ യുവതിയും ശാസ്താംകോട്ട സ്വദേശിയായ യുവാവും കോടതി മുഖാന്തരം ബന്ധം വേർപെടുത്തിയിരുന്നു. എന്നാൽ ഇവരുടെ മകളെ എല്ലാ ശനിയാഴ്ചയും പിതാവിന് കൈമാറണമെന്നും ഒരുദിവസം പിതാവിനോടൊപ്പം നിന്നിട്ട് പിറ്റേ ദിവസം മാതാവിന് തിരികെ ഏൽപിക്കണമെന്നതായിരുന്നു വ്യവസ്ഥ. കോവിഡ് നിയന്ത്രണം കാരണം ഏതാനും മാസങ്ങളായി ഈ വ്യവസ്ഥ പാലിക്കാൻ കഴിഞ്ഞില്ല.
ശനിയാഴ്ച കുടുംബകോടതിയിൽ വെച്ച് കൈമാറാനായി പെൺകുട്ടിയുടെ മാതാവും മുത്തശ്ശിയും എത്തിയപ്പോൾ കോടതി സമയം കഴിഞ്ഞിരുന്നു. തുടർന്ന് അഭിഭാഷകനുമായി ബന്ധപ്പെട്ടപ്പോൾ കുടുംബ കോടതി ജഡ്ജിയുടെ വീട്ടിൽ എത്തിച്ചതിന് ശേഷം ജഡ്ജിയുടെ സാന്നിധ്യത്തിൽ പെൺകുട്ടിയെ കൈമാറാനായി കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ യുവാവ് പ്രകോപിതനായി യുവതിയുടെ മാതാവിനെ മർദിക്കുകയായിരുന്നത്രെ.
തടയാൻ ശ്രമിച്ച യുവതിക്കും മർദനമേറ്റു. നാട്ടുകാർ കൂടിയതോടെ ചവറ പൊലീസ് സംഭവസ്ഥലത്ത് എത്തി. യുവതിയുടെ മാതാവ് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.