ചവറ: കോയമ്പത്തൂരിൽ മലയാളിയായ കാർഡിയാക് ടെക്നോളജി നഴ്സിങ് വിദ്യാർഥി റാഗിങ്ങിനിരയായ സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടിയില്ലെന്ന് ആക്ഷേപം.സെപ്റ്റംബർ 20നാണ് ചവറ ഇടപ്പള്ളിക്കോട്ട സ്വദേശിയായ വിദ്യാർഥി കോയമ്പത്തൂരിലെ നഴ്സിങ് കോളജിൽ സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിരയായത്. പ്രതികളായ 13 പേരിൽ നാലുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെല്ലാവരും മലയാളികളാണ്. ഇവരെ രക്ഷിക്കാൻ ശ്രമമുണ്ടത്രെ. നിരവധി കുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടെന്നും ഭയം കാരണം പുറത്തുപറയാൻ പലരും മടികാണിക്കുന്നെന്നും റാഗിങ്ങിനിരയായ വിദ്യാർഥി പറഞ്ഞു. ഫെബ്രുവരിയിൽ പ്രവേശനം ലഭിച്ചെങ്കിലും കോവിഡ് കാരണം ഓൺലൈൻ ക്ലാസുകളായിരുന്നു.കോളജിലെത്തുന്ന ജൂനിയേഴ്സ് മുതിർന്ന വിദ്യാർഥികളെ മുൻകൂട്ടി അറിയിക്കണമെന്ന അലിഖിത നിയമമുണ്ട്. സെപ്റ്റംബർ 20ന് വിദ്യാർഥി കോയമ്പത്തൂർ സരവാണാംപെട്ട് െറയിൽവേ സ്റ്റേഷനിൽ ഇറങ്ങി സീനിയേഴ്സിന് അറിയിപ്പ് നൽകി.
ബൈക്കിൽ കോളജിലേക്ക് കൂട്ടിക്കൊണ്ടുപോയി വിദ്യാർഥിയെ ഭക്ഷണം പോലും കഴിക്കാൻ ഇടനൽകാതെ ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു. തുടക്കത്തിൽ സംഘത്തിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്. തുടർന്ന് ആറുപേർ കൂടി ചേരുകയായിരുന്നു. മർദനം സ്ഥിരമായപ്പോൾ വീട്ടിൽ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ പരാതിയുമായി കോളജ് പ്രിൻസിപ്പലിനെ സമീപിച്ചെങ്കിലും പരിഗണന ലഭിച്ചില്ല. ഒരാഴ്ചയായിട്ടും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാത്തതിനെതുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസിൽ സ്വാധീനം ചെലുത്തി കേസ് ഒതുക്കാൻ കോളജ് അതികൃതർ ശ്രമിച്ചെന്ന് വിദ്യാർഥിയുടെ രക്ഷാകർത്താക്കൾ 'മാധ്യമ'ത്തോട് പറഞ്ഞു.മർദനത്തെ തുടർന്ന് മാനസികമായും ശാരീരികമായും തകർന്ന വിദ്യാർഥി നാട്ടിൽ വിദഗ്ധ ചികിത്സ തേടി. എല്ലാ പ്രതികളെയും പിടികൂടി നിയമനടപടിക്ക് വിധേയമാക്കണമെന്നാണ് രക്ഷാകർത്താക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.